റിയാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്ടിൽ വീണ്ടും ഹൂത്തി ആക്രമണം; 11 പേർക്ക് പരിക്ക്, രണ്ട് ഇന്ത്യക്കാരും



റിയാദ്, നവംബർ 24: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിൽ (KAFD) സ്ഥിതിചെയ്യുന്ന കെട്ടിടത്തിനുനേരെ ഇന്ന് വീണ്ടും ഹൂത്തി ആക്രമണം. ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു..



രണ്ട് സൗദി പൗരന്മാർ, രണ്ട് ഇന്ത്യക്കാർ, മൂന്ന് നേപ്പാൾ പൗരന്മാർ, നാല് ഈജിപ്ത് പൗരന്മാർ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തെത്തുടർന്ന് ബന്ധപ്പെട്ട അടിയന്തര പ്രതികരണ വിഭാഗങ്ങളും സുരക്ഷാ ഏജൻസികളും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും സുരക്ഷാ നടപടികളും സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

യമനിലെ ഹൂത്തി വിമതർ ലക്ഷ്യമിട്ട ആക്രമണത്തിൽ റിയാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ (PIF) ആസ്ഥാനമന്ദിരമായ റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ആക്രമണത്തിന്റെ ലക്ഷ്യമായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ഇതേ മേഖലയിൽ നടക്കുന്ന രണ്ടാമത്തെ പ്രധാന ആക്രമണമാണിത്. നവംബർ 19-നും ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ കെട്ടിടങ്ങൾക്കുനേരെ നടന്ന ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. അന്നത്തെ സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.

യമനിലെ ഹൂത്തി വിമതരുടെ ആക്രമണഭീഷണികൾ ശക്തമായ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. റിയാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നതായും സൗദി നേതൃത്വത്തിലുള്ള സഖ്യസേന ഇത്തരം ഭീഷണികളെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

സൗദി അറേബ്യയുടെ പ്രധാന സാമ്പത്തിക-വാണിജ്യ കേന്ദ്രമായ കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ നിർണായക സ്ഥാനമുള്ള പ്രദേശമാണ്. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉൾപ്പെടെ നിരവധി പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര കമ്പനികളുടെയും ഓഫീസുകൾ ഇവിടെയാണ് പ്രവർത്തിക്കുന്നത്. ഈ മേഖലയെ ലക്ഷ്യമിട്ടുള്ള തുടർച്ചയായ ആക്രമണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കും ഇടയാക്കിയിട്ടുണ്ട്.

ആക്രമണത്തെത്തുടർന്ന് ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവസ്ഥലത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ നടപടികൾ തുടർന്നുവരികയാണ്.

റിയാദിലെ താമസക്കാർ ഔദ്യോഗിക സുരക്ഷാ അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ കൂട്ടംകൂടുന്നതും സംഭവസ്ഥലങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നതും ഒഴിവാക്കണമെന്നും നിർദേശിക്കുന്നു.

Post a Comment

Previous Post Next Post
Paris
Paris