പത്തനംതിട്ട: തുലാമാസ പൂജക്ക് നട തുറന്ന ശബരിമലയിൽ ദർശനത്തിന് തീർഥാടകരുടെ തിരക്ക് തുടരുന്നു. മണിക്കൂറുകൾ കാത്തുനിന്നാണ് ഭക്തർ പതിനെട്ടാംപടി കയറുന്നത്. അരവണ പ്രസാദം വാങ്ങാനും കൗണ്ടറുകൾക്ക് മുന്നിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുന്നു. ഏഴു കൗണ്ടറുകൾ മാത്രമാണ് തിങ്കളാഴ്ച ഭാഗികമായി പ്രവർത്തിച്ചത്. ഒരുമിച്ച് കൂടുതൽ വിതരണം ഇല്ലാത്തതിനാലാണ് തുറന്ന കൗണ്ടറുകൾക്ക് മുന്നിൽ വലിയ തിരക്ക് അനുഭവപ്പെട്ടത്.
ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എ. ദാമോദരൻ നമ്പൂതിരിയും തിങ്കളാഴ്ച ശബരിമല ദർശനം നടത്തി. ഇരുമുടിക്കെട്ടില്ലാതെ രാവിലെ ഒമ്പത് മണിയോടെ പമ്പയിലെത്തിയ ഇരുവരും ഒന്നിച്ചാണ് മലകയറി ദർശനം നടത്തിയത്. തന്ത്രിയെയും നിലവിലെ മേൽശാന്തിമാരെയും സന്ദർശിച്ചാണ് മടങ്ങിയത്. ഇനി ഇനി തീർഥാടനകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന ദിവസം ഇരുമുടികെട്ടുമായി എത്തി ചുമതലയേൽക്കും.
നവരാത്രി അവധി ദിവസങ്ങൾ കൂടിയായതാണ് തുലാമാസപൂജക്ക് തിരക്ക് വർധിക്കാൻ കാരണം. മണ്ഡല മകരവിളക്ക് കാലത്തേതിന് സമാനമായ തിരക്കാണ് ഞായറാഴ്ച മുതൽ അനുഭവപ്പെടുന്നത്. ഞായറാഴ്ച തിരക്ക് നിയന്ത്രിക്കാൻ പമ്പ മുതൽ തീർഥാടകരെ തടഞ്ഞുനിർത്തിയാണ് കടത്തിവിട്ടത്. തിങ്കളാഴ്ചയും വെർച്വൽ ക്യു വഴി 50,000ത്തോളം പേർ എത്തി. ഇതിനുപുറമെ, സ്പോട്ട് ബുക്കിങ് നടത്തിയും വൻതോതിൽ എത്തുന്നു.

Post a Comment