ഗോതമ്പ് ലഭിക്കാത്തതിനെത്തുടർന്ന് കുടുംബശ്രീയുടെ അമൃതം പൊടി ഉൽപാദനം കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്



മലപ്പുറം:സംസ്ഥാനത്തെ കുടുംബശ്രീക്ക് കീഴിൽ അമൃതം ന്യൂട്രിമിക്‌സ് ഉൽപ്പാദിപ്പിച്ച് ഉപജീവനം നടത്തുന്ന 3,500-ഓളം വനിതകൾ കടുത്ത പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്. സർക്കാർ സംവിധാനത്തിലൂടെ ലഭിക്കേണ്ട ഗോതമ്പ് ലഭിക്കാത്തതും, എട്ട് വർഷമായി ഉത്പന്നത്തിന്റെ വില വർദ്ധിപ്പിക്കാത്തതുമാണ് പ്രധാന പ്രതിസന്ധി.
വിവിധ ജില്ലകളിലെ യൂണിറ്റുകൾ എഫ്.സി.ഐ ഗോതമ്പിനുള്ള തുക അടച്ചിട്ടും ഗോതമ്പ് എടുക്കാനുള്ള ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പരാതി. സംസ്ഥാന കുടുംബശ്രീ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒപ്പിടാത്തതാണ് ഇതിന് കാരണമെന്ന് യൂണിറ്റ് പ്രവർത്തകർ വ്യക്തമാക്കുന്നു. ഉത്തരവ് വൈകുന്നതോടെ സംസ്ഥാന മിഷനിൽ നിന്ന് ജില്ലാ മിഷനുകളിലേക്കുള്ള ഗോതമ്പ് വിതരണാനുമതിയും തടസ്സപ്പെടുന്നു. ഇതോടെ പല യൂണിറ്റുകളും പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് ഗോതമ്പ് വാങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്. ഇത് ഉൽപ്പാദനച്ചെലവ് കുത്തനെ കൂട്ടുകയും വനിതകളുടെ ദിവസവരുമാനം ഇല്ലാതാക്കുകയും ചെയ്യുന്നു.





2017-ലാണ് അവസാനമായി അമൃതം ന്യൂട്രിമിക്‌സിന്റെ വില വർദ്ധിപ്പിച്ചത്. അതിനുശേഷം ഗോതമ്പ്, പഞ്ചസാര, എണ്ണ, പാക്കിങ്, വൈദ്യുതി, കൂലി എന്നിവയുടെ ചെലവ് ഇരട്ടിയായി വർദ്ധിച്ചിട്ടും വില പുനഃപരിശോധിക്കാൻ തയ്യാറായിട്ടില്ലെന്ന് പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. അങ്കണവാടികൾ വഴി കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും നൽകുന്ന പോഷകാഹാര ഉൽപ്പന്നത്തിന്റെ ഉൽപ്പാദനം മുടങ്ങിയാൽ അത് പൊതു പോഷകാഹാര പദ്ധതിയെയും അനിശ്ചിതത്വത്തിലാക്കും. കൂടാതെ, ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവന മാർഗ്ഗവും ഇതിലൂടെ വഴിമുട്ടുകയാണ്.
എഫ്.സി.ഐ ഗോഡൗണിൽ നിന്ന് ഗോതമ്പ് എടുക്കാനുള്ള ഉത്തരവിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അടിയന്തരമായി ഒപ്പിട്ട് ജില്ലകൾക്ക് അയക്കണമെന്ന് സംസ്ഥാന കുടുംബശ്രീ അമൃതം ന്യൂട്രിമിക്‌സ് കൺസഷൻ പ്രസിഡന്റ് ടി.കെ ഷരീഫ മലപ്പുറത്ത് ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post
Paris
Paris