കട്ടാങ്ങൽ : സംസ്ഥാന കായിക മേളയുടെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ കമ്മറ്റി സഘടിപ്പിച്ച വല്ലം മെടയൽ മത്സരം നവ്യാനുഭവമായി.
പഴയ തലമുറ കാർഷിക ആവശ്യങ്ങൾക്കും വീട്ടാവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന വല്ലങ്ങൾ പിന്നീട് പ്ലാസ്റ്റിക്, റബ്ബർ കൊട്ടകൾ വന്നതോടെ അപ്രത്യക്ഷമാവുകയായിരുന്നു.
പുതിയ തലമുറക്ക് കേട്ട് മാത്രം പരിചയമുള്ള വല്ലങ്ങൾ കണ്മുന്നിൽ ഓല കൊണ്ട് നിർമിച്ചത് കൗതുകമായി.
തെങ്ങോലകൊണ്ടുള്ള വല്ല നിർമാണ മത്സരത്തിൽ പങ്കെടുക്കാൻ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് മുപ്പതോളം പേരാണ് എത്തിയത്. പേരാമ്പ്ര സ്വദേശി കെ.എം ഗോവിന്ദൻ സമുദ്ര ഒന്നാം സമ്മാനമായ ഗോൾഡ് കോയിൻ കരസ്ഥമാക്കി.
നിഷ.പി വെള്ളളലശ്ശേരി, സ്നേഹ പ്രഭ വെള്ളന്നൂർ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.
ടൈൽസ്, പുസ്തകങ്ങൾ തുടങ്ങിയവ കവർ ചെയ്തു വരുന്ന പ്ലാസ്റ്റിക് വയറുകൊണ്ട് കുട്ട മെടയുന്ന പ്രദർശനവും മത്സരത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ചെറുവാടി സ്വദേശിനി എഴുപത്തി ഏഴ് പിന്നിട്ട ചോല ഖദീജ ഉമ്മയാണ് ലൈവായി കുട്ട മെടഞ്ഞു മത്സരിക്കാൻ എത്തിയവർക്കും കാണാനെത്തിയവർക്കും പ്രചോദനമായത്. ഖദീജ ഉമ്മയെ ചടങ്ങിൽ ആദരിച്ചു.
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകി.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുനീർ എരവത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവും കരകൗശല നിർമാണ പരിശീലകനുമായ നിയാസ് ചോല മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.കെ നദീറ ആധ്യക്ഷത വഹിച്ചു. ഖാദർ മാസ്റ്റർ, എം.കെ അനീഷ്,
കൃഷ്ണകുമാർ, സരിത്ത്, രാധാകൃഷ്ണൻ, ലൈല പാറപ്പുറത്ത്, ഹബീല പാലത്ത്, റിയാസ്.ടി സംസാരിച്ചു.
നിർമിച്ച വല്ലങ്ങൾ കായികമേളയിൽ വേസ്റ്റ് ശേഖരിച്ച് സംസ്കരിക്കാൻ ഉപയോഗിക്കും.
ഗ്രീൻ പ്രോട്ടോകോൾ കമ്മറ്റി കൺവീനർ പി.സി അബ്ദുറഹീം സ്വാഗതവും ജോയിൻ കൺവീണർ മുജീബ് ജി കക്കാട് നന്ദിയും പറഞ്ഞു.



Post a Comment