ചെറുവാടി സി.എച്ച്.സിയിൽ വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ കർമ്മപദ്ധതിക്ക് അന്തിമ രൂപം



ആദ്യഘട്ടത്തിൽ ഒ.പി. സമയം വൈകിട്ട് 4 മണി വരെ ദീർഘിപ്പിക്കാൻ തീരുമാനം


കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുന്നതിനായി സി.കെ. കാസിം എം.എൽ.എയുടെ നേതൃത്വത്തിൽ കർമ്മപദ്ധതിക്ക് അന്തിമ രൂപം നൽകി. ആദ്യഘട്ടമായി ആശുപത്രിയുടെ ഒ.പി. പ്രവർത്തന സമയം നിലവിലുള്ള ഉച്ചയ്ക്ക് 2 മണിയിൽ നിന്ന് വൈകിട്ട് 4 മണി വരെ ദീർഘിപ്പിക്കാൻ യോഗം തീരുമാനിച്ചു.




കൊടിയത്തൂർ, ചാത്തമംഗലം, കാരശ്ശേരി പഞ്ചായത്തുകൾക്ക് പുറമെ മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിൽ നിന്നുള്ള രോഗികളും ആശ്രയിക്കുന്ന പ്രധാന ആരോഗ്യകേന്ദ്രമാണ് ചെറുവാടി സി.എച്ച്.സി. പട്ടികജാതി കുടുംബങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമടക്കം സാധാരണക്കാരായ നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. 
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ സർക്കാർ ആശുപത്രി വർഷങ്ങൾക്ക് മുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയെങ്കിലും പദവിക്ക് അനുസൃതമായ ഭൗതിക സൗകര്യങ്ങളും ആവശ്യമായ ജീവനക്കാരുടെ നിയമനവും പൂർണതോതിൽ നടപ്പാക്കാത്തത് രോഗികൾക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ഇതിന് പരിഹാരം കാണുന്നതിനും ആശുപത്രിയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനുമാണ് പുതിയ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്ന് കർമ്മപദ്ധതി തയ്യാറാക്കിയത്. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദഗ്ധ എഞ്ചിനീയർമാരുടെ സഹായത്തോടെ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് തീരുമാനം.
ആദ്യഘട്ടത്തിൽ ആശുപത്രിയുടെ ഒ.പി. പ്രവർത്തന സമയം വൈകിട്ട് 4 മണി വരെ ദീർഘിപ്പിക്കും. കൂടാതെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ആശുപത്രിക്ക് ആവശ്യമായ വാഹനത്തിനായി ഫണ്ട് അനുവദിക്കുമെന്നും സി.കെ. കാസിം എം.എൽ.എ യോഗത്തിൽ അറിയിച്ചു.
കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം സി.കെ. കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല അധ്യക്ഷത വഹിച്ചു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, സ്ഥിരം സമിതി അധ്യക്ഷരായ ബബിത വിനോദ്, ധന്യ ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മജീദ് മൂലത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.വി. നിയാസ്, എസ്.എ. നാസർ, മെഡിക്കൽ ഓഫീസർ ഡോ. മായ ടി., എൻ.എച്ച്.എം. ഡി.പി.എം. ഡോ. അഫ്സൽ സി.കെ., എൻ.എച്ച്.എം. ജില്ലാ പി.ആർ.ഒ. ബിനോയ്, എൻ.എച്ച്.എം. എ.ഇ. ബ്രേനിഷ, എഞ്ചിനീയർമാരായ മിഥുൻ രാജ്, അനു എന്നിവർ സംസാരിച്ചു.
ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ.വി. അബ്ദുറഹ്മാൻ, അഷ്റഫ് കൊളക്കാടൻ, മോയിൻ ബാപ്പു, അസീസ് കുന്നത്ത്, അബ്ദു പന്നിക്കോട്, പി.കെ. ഫൈസൽ, മൂസ ഹാജി, ജുനൈദ് കുന്നത്ത് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris