ബാങ്ക് പണിമുടക്ക്: തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകാര്‍ ശ്രദ്ധിക്കുക



കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.

സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 (നാലാം ശനി), 27 (ഞായര്‍) ബാങ്ക് അവധി ആയതിനാല്‍ തുടർച്ചയായി അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും.




നേരത്തെ നടത്തിയിരുന്ന പണിമുടക്കിൻ്റെ തുടർച്ചയായാണ് മൂന്ന് ദിവസത്തെ പണിമുടക്ക്. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി, രണ്ട് ദിവസം അവധി എന്നീ ആവശ്യം ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനെ തുടർന്ന് ശാഖാ തല സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകാർക്ക് എസ്ബിഐ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.

എടിഎം പണലഭ്യത, ചെക്ക് ക്ലിയറന്‍സ് പോലുള്ള സേവനങ്ങളെ ബാങ്ക് സമരം ബാധിച്ചേക്കുമെന്നാണ് അറിയിപ്പ്. തുടർച്ചയായി സമരങ്ങള്‍ നടത്തിയിട്ടും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബാങ്ക് യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.


ബാങ്ക് സമരം തടസപ്പെടുന്ന സേവനങ്ങള്‍

വിവിധ ബാങ്കുകളുടെ ശാഖകളില്‍ നേരിട്ടുള്ള സേവനങ്ങള്‍, ഡോക്യുമെൻ്റ് വെരിഫിക്കേഷനുകള്‍, ചെക്ക് ഇടപാടുകള്‍ എന്നിവ ഈ ദിവസങ്ങളില്‍ തടസപ്പെട്ടേക്കും. എന്നാല്‍ നെറ്റ് ബാങ്കിങ്, യോനോ (YONO), യുപിഐ, എടിഎം, കസ്റ്റമര്‍ സര്‍വീസ് പോയിൻ്റുകള്‍ തുടങ്ങിയ ബദല്‍ സംവിധാനങ്ങള്‍ തടസമില്ലാതെ ഉപയോഗിക്കാം.

അഞ്ച് ദിവസം തുടര്‍ച്ചയായി ബാങ്ക് അടഞ്ഞുകിടക്കുന്നത് എടിഎമ്മുകളില്‍ പണം തീരാന്‍ കാരണമായേക്കാം. ഇത് നേരിട്ട് പണം ആവശ്യമുള്ള സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും. മാസാവസാനമുള്ള ശമ്പളം, പെന്‍ഷന്‍ വിതരണം, ഇഎംഐ അടവുകള്‍ എന്നിവ തടസപ്പെടാനും സാധ്യതയുണ്ട്. നേരത്തെ നല്‍കിയ ചെക്കുകള്‍ പാസാകാതെ വരികയോ, ക്ലിയറന്‍സിന് കാലതാമസം നേരിടുകയോ ചെയ്യും. ഈ ദിവസങ്ങളില്‍ ലോക്കര്‍ സൗകര്യങ്ങളും ലഭ്യമാകില്ല.

ബാങ്കില്‍ നിന്നുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ് (DD), ചെക്ക് നിക്ഷേപം, അക്കൗണ്ട് ആരംഭിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ സെപ്റ്റംബര്‍ 25 നകം പൂര്‍ത്തിയാക്കണം.

പണം കൈമാറാനും ബില്ലുകള്‍ അടയ്ക്കാനും ബാങ്ക് ആപ്പുകളും യുപിഐയും ഉപയോഗപ്പെടുത്തണം. എടിഎമ്മുകളില്‍ പണം തീരാനുള്ള സാധ്യത മുൻകൂട്ട അത്യാവശ്യ ചെലവുകള്‍ക്കുള്ള പണം മുന്‍കൂട്ടി പിന്‍വലിക്കണം.


Post a Comment

Previous Post Next Post
Paris
Paris