തൃശ്ശൂർ: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ഗുരുവായൂരില്‍ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. 443 വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്നു ഗുരുവായൂരപ്പന്റെ മുന്നില്‍വെച്ച് താലിചാർത്താൻ വൻ ജനത്തിരക്കാണ് ക്ഷേത്രസന്നിധിയില്‍ അനുഭവപ്പെട്ടത്.
ഓഗസ്റ്റ് 23-ന് നടന്ന 416 കല്യാണങ്ങളെന്ന നിലവിലെ റെക്കോഡാണ് ഞായറാഴ്ച മറികടന്നത്. രാവിലെ നാലുമുതല്‍ 8.45 വരെയായിരുന്നു ഏറ്റവും കൂടുതല്‍ കല്യാണങ്ങള്‍ നടന്നത്. ആദ്യ രണ്ടര മണിക്കൂറില്‍ തന്നെ 150 വിവാഹങള്‍ നടന്നു കഴിഞ്ഞിരുന്നു.
ഇത്രയധികം കല്യാണങ്ങള്‍ ഒരു പരാതിയുമില്ലാതെ നടത്താനായതിനു പിന്നില്‍ മികച്ച ആസൂത്രണമാണെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു.വിപുലമായ സജ്ജീകരണങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നത്. നിലവിലെ അഞ്ച് മണ്ഡപങ്ങള്‍ക്കു പുറമേ, കൂടുതല്‍ മണ്ഡപങ്ങളും സജ്ജീകരിച്ചു. ക്ഷേത്രത്തിനകത്തും പുറത്തും പോലീസിന്റെ സേവനവും അഗ്നിരക്ഷാസേന, ആംബുലൻസ് സൗകര്യങ്ങളും ഉറപ്പാക്കിയിരുന്നു. വധൂവരന്മാർക്കും ബന്ധുക്കള്‍ക്കും വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ ക്ഷേത്രപരിസരത്തും ദേവസ്വം കെട്ടിടങ്ങളിലുമായി ഒരുക്കിയിരുന്നു.

Post a Comment