തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളുടെ ആയുസ്സ് 20 വർഷമായി ഉയർത്തി. 17 വർഷം കഴിഞ്ഞ 2,050 ബസുകൾ ഇനിയും ഉപയോഗിക്കുന്നതിനു വേണ്ടിയാണ് സർക്കാർ ഉത്തരവ്. സർക്കാർ വാഹനങ്ങളുടെ കാലാവധി അടുത്തിടെ 20 വർഷമായി ഉയർത്തിയിരുന്നു. ഇതിനെത്തുടർന്നാണ് കെ.എസ്.ആർ.ടി.സി.യും കാലാവധി നീട്ടാൻ ആവശ്യപ്പെട്ടത്.
പഴയ ബസുകൾ ഓർഡിനറിയായിട്ടാണ് സർവീസ് നടത്തുന്നത്. ഈ ബസുകൾ പിൻവലിച്ചാൽ പ്രിയദർശിനി പദ്ധതിയെ ബാധിക്കും. ബസുകളുടെ കാലാവധി 15 വർഷമായി കേന്ദ്രം നിജപ്പെടുത്തിയിരുന്നു. അതേസമയം, ബസുകളുടെ കാലാവധി ദീർഘിപ്പിക്കുന്നത് കേന്ദ്രനിയമത്തിനെതിരാണ്.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ബസുകളുടെ കാലാവധി രാജ്യത്ത് ആദ്യമായി 15 വർഷമായി നിജപ്പെടുത്തിയ ചരിത്രം സംസ്ഥാനത്തിനുണ്ട്. ഇതിനെതിരെ സ്വകാര്യബസുകാർ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും സർക്കാരിന് അനുകൂലമായിരുന്നു വിധി.
ഇതിനിടെയാണ് കേന്ദ്രം 15 വർഷമായി കാലാവധി നിശ്ചയിച്ചത്. ഇത് മറികടന്ന് സ്വകാര്യബസുകളുടെ കാലാവധി സംസ്ഥാനത്ത് 20ഉം പിന്നീട് 22ഉം ആക്കിയിരുന്നു. ഇപ്പോൾ 25 വർഷമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ.

Post a Comment