ഓപ്പറേഷൻ തൂഫാൻ: ബേപ്പൂരിൽ 5 കിലോ കഞ്ചാവുമായി ബീഹാര്‍ സ്വദേശി പിടിയിൽ



ബേപ്പൂര് ഫറോക്ക് രാമനാട്ടുകര ഭാഗങ്ങളിൽ കഞ്ചാവ് മൊത്തവിൽപ്പന നടത്തി വന്നിരുന്ന ബീഹാര്‍ സ്വദേശിയെ 5 കിലോ കഞ്ചാവുമായി പിടിയിൽ . ബീഹാര്‍ സ്വദേശിയായ സജ്ജാദ് (43) ആണ് അറസ്റ്റിലായത്.

ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള എ.സി.പി സ്ക്വാഡും, ബേപ്പൂർ സർക്കിൽ ഇൻസ്‌പെക്ടർ ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള ബേപ്പൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.




ബീഹാറിൽ നിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി കോഴിക്കോട് ചെറുവണ്ണൂർ ഭാഗത്ത് ചെരുപ്പു കമ്പനി യില്‍ ജോലി എന്ന് പറഞ്ഞു വാടകയ്ക്ക് താമസിച്ച് ഫറോക്ക് മേഖലയിലെ വിവിധ ഭാഗങ്ങളിലും ബേപ്പൂർ ഹാർബറിലും ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികൾ വഴി ലഹരിവസ്തുക്കൾ നഗരത്തിലേക്ക് എത്തുന്നതായി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ .പി ഷൗക്കത്തലി ഐ .പി .എസ് , നിർദേശപ്രകാരം ബേപ്പൂർ ഭാഗങ്ങളില്‍ ബേപ്പൂർ സബ് ഇൻസ്‌പെക്ടർ ജെയിൻ കെ എസ് ന്റെ നേതൃത്വത്തിലുള്ള ബേപ്പൂർ പോലീസ് കർശന പരിശോധനകളും അന്വേഷണങ്ങളും നടത്തി വരികയായിരുന്നു.

അന്വേഷണത്തിനിടെ ചെരുപ്പു കമ്പനി തൊഴിലാളിയായ പ്രതി ഇടയ്ക്കിടെ നാട്ടിൽ പോയി വരാറുണ്ടെന്നുംഅറിയാൻ കഴിഞ്ഞു. പോലീസ് പരിശോധന ഒഴിവാക്കുന്നതിനായി പാലക്കാട് വരെ ട്രെയിൻ മാര്‍ഗം വരികയും തുടർന്ന് പുലർച്ചെ കോഴിക്കോട് എത്തുന്ന സ്ലീപ്പർ ബസുകൾ ഉപയോഗിച്ച് രാമനാട്ടുകരയിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്ക് കഞ്ചാവ് എത്തിച്ച ശേഷം ആവശ്യക്കാർക്ക് ചില്ലറ വിൽപ്പന നടത്തുകയായിരുന്നെന്നും കണ്ടെത്തി.

പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്ന പോലീസ് പ്രതി താമസ സ്ഥലത്തേക്ക് പോകവെ ചെറുവണ്ണൂർ ചീർപാലത്തിനു അടുത്ത് വെച്ച് പോലീസ്, ബാഗുമായി കണ്ട പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാഗ് പരിശോധിച്ചതിൽ 5 കിലോ യില്‍ അധികം കഞ്ചാവ് പാക്ക് ചെയ്ത് സൂക്ഷിച്ച നിലയിൽ കണ്ടെത്തി.

പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങിയവരെയും പോലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും, അവരെ സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

ബേപ്പൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ എ.എ അർജുൻ പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ ഫറോക്ക് സ്റ്റേഷനിലെ എസ്.ഐ വിനോദ് കുമാർ എൻ , സീനിയർ സി.പി.ഒ അഷറഫ് കെ.പി , സി.പി.ഒ സരുൺ, സൈബർ സെല്ലിലെ സി.പി.ഒ പ്രജിത്ത് എന്നിവരും ഫറോക്ക് ക്രൈം സ്ക്വാഡിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അരുൺ കുമാർ, സീനിയർ സി.പി.ഒമാരായ ഐ.ടി. വിനോദ്, അനൂജ് വളയനാട്, സി.പി.ഒമാരായ സനീഷ് പന്തീരാങ്കാവ്, സുബീഷ് വെങ്ങേരി, അഖിൽബാബു എന്നിവരും ഉൾപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post
Paris
Paris