25 കുട്ടികൾക്ക് ഇനി ഒരു 'മെന്റർ ടീച്ചർ'; സ്കൂളുകളിൽ പഠനനേട്ടം ഉറപ്പാക്കാൻ പദ്ധതി


തിരുവനന്തപുരം: കുട്ടികളെ പഠിപ്പിക്കുക മാത്രമല്ല, അവർ ഓരോ ക്ലാസിലും ആർജിക്കേണ്ട പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം ഉറപ്പാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിപാടി.




അക്കവും അക്ഷരവും ഉറപ്പിക്കുന്നതിനുപുറമേ, ഓരോ ക്ലാസിലും വിദ്യാർഥി ആർജിക്കേണ്ട പഠനനേട്ടം എന്താണെന്ന് അധ്യാപകർക്ക് മാർഗനിർദേശം നൽകിയിട്ടുണ്ട്.

20-25 കുട്ടികളുടെ നിലവാരം നിരീക്ഷിക്കാൻ ഒരു മെന്റർ ടീച്ചറെ നിയോഗിക്കാനാണ് ആലോചന. ക്ലാസ് ടീച്ചറെന്നോ വിഷയാധ്യാപകരെന്നോ ഭേദമില്ലാതെ ഇതിനായി അധ്യാപകരെ ചുമതലപ്പെടുത്തും. ഓണപ്പരീക്ഷയിൽ കുട്ടികളുടെ മാർക്കും പഠനനിലവാരവും സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി അറിയിക്കാനും പ്രഥമാധ്യാപകർക്ക് നിർദേശം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കൈറ്റിന്റെ മേൽനോട്ടത്തിൽ ഈ വിവരങ്ങൾ ക്രോഡീകരിക്കും.

ഓണപ്പരീക്ഷയിലെ കുട്ടികളുടെ പ്രകടനം വിലയിരുത്തിയായിരിക്കും മെന്ററെ നിയോഗിക്കുക. അവർ സമയാസമയങ്ങളിൽ കുട്ടികളുടെ പഠനനേട്ടം ഓൺലൈനായി രേഖപ്പെടുത്തും. കുട്ടികൾക്കുവേണ്ട പഠനപിന്തുണ സ്‌കൂൾതലത്തിൽ ആവിഷ്‌കരിക്കും. ഇതെല്ലാം നിശ്ചിത ഇടവേളകളിൽ വിദ്യാഭ്യാസ ഓഫീസർ വിലയിരുത്തും. ‘താരാപഥം’ എന്ന ഏകീകൃത ഡാഷ് ബോർഡ് വഴി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.




Post a Comment

Previous Post Next Post
Paris
Paris