തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിയുടെ അവകാശവാദം തള്ളി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. തനിക്ക് ഔദ്യോഗികമായി എഎഫ്എയുടെ കത്ത് കിട്ടിയിട്ടില്ലെന്ന് പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെസ്സി വിവാദത്തില്‍ അന്വേഷണം നടക്കട്ടെ എന്നും നടപടികളില്‍ വീഴ്ചയില്ലെന്നാണ് മുന്‍ മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു. 'ബാക്കി കാര്യങ്ങള്‍ അന്നത്തെ മന്ത്രി തന്നെ വിശദീകരിക്കും.
നിലവിലെ വിവാദങ്ങള്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമങ്ങളാണെന്ന് സംശയമുണ്ട്. മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ മാത്രമേ എനിക്കറിയൂ. ക്രമക്കേട് നടന്നിട്ടില്ല,' എന്നും അദ്ദേഹം വ്യക്തമാക്കി. മെസ്സി വന്നാല്‍ സ്റ്റേഡിയം കൈമാറാന്‍ തീരുമാനിച്ചിരുന്നു. നമ്മുടെ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ളതാണെങ്കിലും ചില അറ്റകുറ്റപണികള്‍ നടത്തേണ്ടതുണ്ടായിരുന്നു. അതിനുവേണ്ട ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചു എന്നത് ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പെയിനിലേക്ക് പോകാന്‍ മന്ത്രിക്ക് കരാര്‍ വേണ്ടെന്നും അന്വേഷണം തങ്ങളെ ഒരു രീതിയിലും ബാധിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
നീണ്ടകരയില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന്റെ കടബാധ്യത സര്‍ക്കാര്‍ എറ്റെടുക്കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീണ്ടകരയിലെ ഗൗതമിന്റെ സഹോദരനും രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ ഭാര്യക്കും ജോലി ഉറപ്പാക്കണം. സർക്കാരിന്റെ ദുരിതാശ്വാസ-പുനരിധിവാസ നടപടികള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും വിമര്‍ശനമുണ്ട്. ക്യാമ്പുകളില്‍ വേണ്ടത്ര സൗകര്യവും ഒരുക്കിയിരുന്നില്ല. എന്തുകൊണ്ടാണ് വലിയ അബദ്ധങ്ങള്‍ ഉണ്ടായതെന് പരിശോധിക്കണം. റവന്യു വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നിയിപ്പ് നല്‍കിയില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Post a Comment