ചെറൂപ്പ ആശുപത്രി വികസനം വേഗത്തിലാക്കാൻ എം.എ. റസാഖ് മാസ്റ്റർ എംഎൽഎയുടെ സന്ദർശനം; ആധുനിക സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും



കോഴിക്കോട്: മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പ ഹെൽത്ത് സെന്ററിൽ (എം.സി.എച്ച് യൂണിറ്റ്) കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ പുനഃസ്ഥാപിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക സാമൂഹികാരോഗ്യ കേന്ദ്രമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതിന്റെ തുടർച്ചയായി കുന്ദമംഗലം എം.എൽ.എ എം.എ. റസാഖ് മാസ്റ്റർ ആശുപത്രി സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ വിലയിരുത്തി.




കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സബ് സെന്ററായി പ്രവർത്തിക്കുന്ന ചെറൂപ്പ ആശുപത്രി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആയിരക്കണക്കിന് സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായിരുന്നു. ഒരുകാലത്ത് 24 മണിക്കൂറും ചികിത്സ ലഭ്യമായിരുന്ന ആശുപത്രിയിൽ കിടത്തി ചികിത്സയും പ്രസവസേവനങ്ങളും ഉൾപ്പെടെ നിരവധി സേവനങ്ങൾ ലഭ്യമായിരുന്നു. മുൻ മന്ത്രി ഡോ. എം.കെ. മുനീർ ഉൾപ്പെടെ നിരവധി പ്രമുഖ ഡോക്ടർമാർ ഇവിടെ സേവനമനുഷ്ഠിച്ച സ്ഥാപനമാണിത്. എന്നാൽ പിന്നീട് വിവിധ ചികിത്സാ സേവനങ്ങൾ നിലച്ചതോടെ നിർധനരായ രോഗികൾ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം രൂപപ്പെടുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആശുപത്രി സന്ദർശിച്ചിരുന്ന എം.എ. റസാഖ് മാസ്റ്റർ, സ്ഥാപനത്തിന്റെ ശോചനീയാവസ്ഥ നേരിൽ മനസ്സിലാക്കുകയും ആശുപത്രിയുടെ സമഗ്ര വികസനം ഉറപ്പുനൽകുകയും ചെയ്തിരുന്നു. എം.എൽ.എയായ ശേഷം വിഷയം നിയമസഭയിൽ സബ്മിഷനായി അവതരിപ്പിക്കുകയും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെറൂപ്പ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് ജൂലൈ 4-ന് ആരോഗ്യ വകുപ്പ് മന്ത്രി കോഴിക്കോട് കളക്ടറേറ്റിൽ ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ (DME), ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് (DHS) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുചേർത്തിരിക്കുന്നത്.

ആ യോഗത്തിന് മുന്നോടിയായാണ് എം.എ. റസാഖ് മാസ്റ്ററും കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം.പി. ശ്രീജയനും ആശുപത്രി സന്ദർശിച്ച് നിലവിലെ സൗകര്യങ്ങളും വികസന സാധ്യതകളും നേരിട്ട് വിലയിരുത്തിയത്. തുടർന്ന് ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുമായി വിശദമായ ചർച്ച നടത്തി.

ആശുപത്രിയുടെ സമഗ്ര വികസനത്തിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും കിടത്തി ചികിത്സ, പ്രസവവിഭാഗം ഉൾപ്പെടെയുള്ള സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും ചെറൂപ്പ ആശുപത്രി വിഷയത്തിൽ എംകെ രാഘവൻ എംപിയുടെ സഹായവും വലിയ പിന്തുണയാണ് നൽകുന്നതെന്ന് എം.എൽ.എ അറിയിച്ചു.

ആറ് ഏക്കറിലധികം സ്ഥലത്ത് പ്രവർത്തിക്കുന്ന ചെറൂപ്പ ആശുപത്രിയെ ആധുനിക സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്താനായാൽ കുന്ദമംഗലം, മാവൂർ ഉൾപ്പെടെ സമീപത്തെ പതിനാലോളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് മികച്ച ചികിത്സാ സൗകര്യം ലഭ്യമാകും. അതോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികളുടെ അമിത തിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനും ഇത് സഹായകമാകുമെന്ന് എം.എ. റസാഖ് മാസ്റ്റർ പറഞ്ഞു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ഷൗക്കത്തലി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. ഉമ്മർ മാസ്റ്റർ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ടീച്ചർ, വൈസ് പ്രസിഡന്റ് സി.പി. കൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമാദേവി കുഴിപ്പള്ളി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാമണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.പി. അഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്, ചെറൂപ്പ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇൻ-ചാർജ് ഒ. ഫാത്തിമത്തുസ്സൽമ, ഡോ. പി. ബിന്ദു, വിവിധ സംഘടനാ നേതാക്കളായ കെ. മൂസ മൗലവി, എൻ.പി. ഹംസ മാസ്റ്റർ, പി.സി. അബ്ദുൽ കരീം, മങ്ങാട്ട് അബ്ദുറസാഖ്, എ.കെ. മുഹമ്മദലി, എം. ഇസ്മായിൽ മാസ്റ്റർ, വി.എസ്. രജ്ഞിത്ത്, പുതുക്കടി സുരേഷ്, ടി. മുഹമ്മദലി, ടി. രജ്ഞിത്ത്, കെ. ലത്തീഫ് മാസ്റ്റർ, പി. ഉമ്മർ മാസ്റ്റർ, ഒ.എം. നൗഷാദ്, യു.എ. ഗഫൂർ, ഷാക്കിർ പാറയിൽ, ഹബീബ് ചെറൂപ്പ, ടി.കെ. അബ്ദുള്ളക്കോയ, കാമ്പുറത്ത് മുഹമ്മദ് എന്നിവർ പങ്കെടുത്തു.


Post a Comment

Previous Post Next Post
Paris
Paris