നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍, യുവാക്കളുടെ ക്ഷേമത്തിനാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ചോദ്യപേപ്പർ ചോർച്ചയില്‍ ഉള്‍പ്പെട്ടവർക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വിവാദമായ നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി ഡല്‍ഹിയിലെ ജന്തർ മന്തറില്‍ സിജെപി പ്രതിഷേധം തുടരുന്നതിനിടയിലാണ്, രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
ചോദ്യപേപ്പർ ചോർച്ചയില്‍ ഉള്‍പ്പെട്ടവർക്ക് "വേഗത്തിലുള്ളതും കർശനവുമായ ശിക്ഷ" ഉറപ്പാക്കാൻ അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
"നമ്മുടെ യുവാക്കളുടെ ക്ഷേമത്തെക്കാളും ഭാവിയെക്കാളും പ്രാധാന്യമുള്ള മറ്റൊന്നുമില്ല! ചോദ്യപേപ്പർ ചോർച്ചയില്‍ ഉള്‍പ്പെട്ടവർക്ക് വേഗത്തിലും കർശനമായും ശിക്ഷ ഉറപ്പാക്കാൻ അതിവേഗ കോടതികള്‍ സ്ഥാപിക്കാൻ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികള്‍ക്കും ഉദ്യോഗസ്ഥർക്കും നിർദേശം നല്‍കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഞങ്ങള്‍ സ്വീകരിച്ചുപോരുന്ന തുടർച്ചയായ നടപടികളുടെ ഭാഗമാണിത്. നമ്മുടെ യുവാക്കളുടെ ഭാവിയുമായി കളിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല."- എക്സില്‍ കുറിച്ച സന്ദേശത്തില്‍ പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

Post a Comment