തിരുവനന്തപുരം:
മലബാർ മേഖലയിലെ വിദ്യാഭ്യാസ പ്രതിസന്ധികൾക്ക് താൽക്കാലിക പരിഹാരങ്ങൾക്ക് പകരം ദീർഘവീക്ഷണത്തോടെയുള്ള ശാശ്വത നടപടികൾ സ്വീകരിക്കണമെന്നും, മതേതര മൂല്യങ്ങൾക്ക് വിരുദ്ധമായ കേന്ദ്ര സർക്കാരിന്റെ 'പി എം ശ്രീ' പദ്ധതി സംസ്ഥാനത്ത് പൂർണ്ണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ശംസുദ്ദീന് നിവേദനം സമർപ്പിച്ചു.
വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത വിദ്യാർത്ഥി സംഘടനകളുടെ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് കുറ്റിക്കടവ് നിവേദനം കൈമാറിയത്. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. ഷമീർ പെരിങ്ങമ്മല സംബന്ധിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ മലബാർ മേഖല നൽകിയ സംഭാവനകൾ വലുതാണെങ്കിലും, അടിസ്ഥാന സൗകര്യങ്ങളുടെയും അവസരങ്ങളുടെയും കാര്യത്തിൽ ഇപ്പോഴും തുടരുന്ന അവഗണനയും അസന്തുലിതാവസ്ഥയും പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു.
വർഷാവർഷം താൽക്കാലികമായി മാർജിനൽ സീറ്റുകൾ വർദ്ധിപ്പിക്കുന്ന രീതി ക്ലാസ് മുറികളിലെ പഠനാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. അതിനാൽ ഈ താൽക്കാലിക സംവിധാനം അവസാനിപ്പിച്ച് ആവശ്യാനുസരണം പുതിയ സ്ഥിരം ബാച്ചുകൾ അനുവദിക്കണം. തെക്കൻ ജില്ലകളിൽ കുട്ടികളില്ലാതെ കിടക്കുന്ന ബാച്ചുകൾ മലബാറിലെ ആവശ്യക്കാരുള്ള പ്രദേശങ്ങളിലേക്ക് ശാസ്ത്രീയമായ പഠനങ്ങളിലൂടെ പുനഃക്രമീകരിക്കാൻ നടപടി സ്വീകരിക്കണം. പ്ലസ് ടു കോഴ്സുകൾ മാത്രമുള്ളതും സ്വന്തമായി കെട്ടിടങ്ങളില്ലാത്തതുമായ സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കുകയും മികച്ച സയൻസ്-കമ്പ്യൂട്ടർ ലാബുകളും ലൈബ്രറികളും ഉറപ്പാക്കുകയും വേണം
. കൂടാതെ, സയൻസ് പഠിക്കാൻ താല്പര്യമുള്ള പെൺകുട്ടികൾക്കായി മലബാറിലെ ഗവൺമെന്റ് സ്കൂളുകളിൽ അഡീഷണൽ സയൻസ് ബാച്ചുകൾ അനുവദിക്കേണ്ടതുണ്ട്. മലബാർ മേഖലയിലെ ഭൂരിഭാഗം സ്കൂളുകളിലും നിലവിൽ താൽക്കാലിക അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. ഇത് പഠന നിലവാരത്തെ ബാധിക്കുന്നതിനാൽ ഗവൺമെന്റ്-എയ്ഡഡ് മേഖലകളിൽ സ്ഥിര അധ്യാപക നിയമനങ്ങൾക്ക് അടിയന്തിര നടപടി സ്വീകരിക്കണം. മുസ്‌ലിം വിഭാഗത്തിന് സ്കോളർഷിപ്പ് ഇനത്തിൽ നഷ്ടപ്പെട്ട വിഹിതം അടിയന്തിരമായി പുനഃസ്ഥാപിക്കുകയും, കേന്ദ്ര-സംസ്ഥാന സ്കോളർഷിപ്പുകൾ കൃത്യസമയത്ത് കുട്ടികളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ സ്കൂളുകളിലും ഓരോ അധ്യാപകനെ 'സ്കോളർഷിപ്പ് നോഡൽ ഓഫീസറായി' ചുമതലപ്പെടുത്തുകയും വേണം. മലബാറിൽ ഒരു ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും ഫോറിൻ ലാംഗ്വേജ് സർവ്വകലാശാലയും ലോ കോളേജും സ്ഥാപിക്കണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. പിന്നാക്ക വിഭാഗ കോർപ്പറേഷന്റെ കീഴിൽ കോഴിക്കോട് കേന്ദ്രീകരിച്ച് മത്സരപരീക്ഷകൾക്കായി ആധുനിക അക്കാദമിക് കോംപ്ലക്സ് സ്ഥാപിക്കുകയും വേണം. സ്കൂളുകൾ, കോളേജുകൾ, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ജനസംഖ്യാനുപാതികമായി മലബാർ മേഖലയ്ക്ക് അനുവദിക്കാൻ സർക്കാർ തയ്യാറാകണം.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മാതൃകയ്ക്കും മതേതര ജനാധിപത്യ മൂല്യങ്ങൾക്കും ഭീഷണിയായ, കേന്ദ്ര സർക്കാർ സ്ഥാപിത താല്പര്യങ്ങളോടെ നടപ്പിലാക്കുന്ന 'പി എം ശ്രീ' പദ്ധതി പൂർണ്ണമായും ഒഴിവാക്കണമെന്ന് നിവേദനത്തിൽ പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്. നമ്മുടെ പ്രാദേശികമായ ആവശ്യങ്ങൾക്കും സാംസ്കാരിക പാരമ്പര്യത്തിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അപകടങ്ങളും ഉണ്ടാക്കാൻ സാധ്യതയുള്ള ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് സാധ്യമാകുന്ന എല്ലാ നയതന്ത്ര മാർഗ്ഗങ്ങളും ഉപയോഗിച്ച് പൂർണ്ണമായും തടയാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സംഘടന വ്യക്തമാക്കി.
വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം, പഠന വൈകല്യങ്ങൾ എന്നിവ തുടക്കത്തിലേ കണ്ടെത്താൻ എല്ലാ ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലും പ്രൊഫഷണൽ കൗൺസിലർമാരുടെ സേവനം നിർബന്ധമാക്കണം. എട്ടാം ക്ലാസ് മുതൽ കരിയർ ഗൈഡൻസ് നൽകുന്നത് അക്കാദമിക് പ്ലാനിന്റെ ഭാഗമാക്കുകയും പ്ലസ്ടു ഹ്യുമാനിറ്റീസ് ബാച്ചുകളിൽ സിവിൽ സർവീസ് ഫൗണ്ടേഷൻ, ജേണലിസം പോലുള്ള പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തുകയും വേണം. പ്രൈമറി തലത്തിലെ കുട്ടികളുടെ പുസ്തകഭാരം കുറയ്ക്കാനും, അർഹരായ വിദ്യാർഥികൾക്ക് മാത്രം സ്ക്രൈബ് സൗകര്യം ഉറപ്പുവരുത്താൻ കർശനമായ പരിശോധനാ സംവിധാനം നടപ്പിലാക്കാനും സർക്കാർ തയ്യാറാകണം. അൺ-എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി അധ്യാപക പരിശീലന സ്ഥാപനങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങളോടെ സർക്കാർ അംഗീകാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് പെരുന്നാളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം വീതം ഔദ്യോഗിക അവധി അനുവദിക്കണം. വെള്ളിയാഴ്ച ദിവസങ്ങളിൽ നടത്തുന്ന പരീക്ഷകൾ മുസ്ലിം വിദ്യാർത്ഥികൾക്ക് ജുമുഅ നമസ്കാരം നഷ്ടപ്പെടാത്ത രീതിയിൽ സമയം ക്രമീകരിച്ച് നൽകണമെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു. മലബാർ മേഖലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിനും കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം കൂടുതൽ മികവുറ്റതാക്കുന്നതിനും ഉന്നയിച്ച ആവശ്യങ്ങളിൽ ബഹുമാനപ്പെട്ട മന്ത്രിയുടെ അടിയന്തിരവും അനുകൂലവുമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘടന നേതാക്കൾ അറിയിച്ചു.

Post a Comment