കൂളിമാട് പുതിയ പാലം നിലവിൽ വന്നതോടെ പ്രദേശത്തിന്റെ വികസനവും സന്ദർശകരുടെ തിരക്കും ഗണ്യമായി വർധിച്ച സാഹചര്യത്തിൽ, ലഹരി ഉപയോഗം ഉൾപ്പെടെയുള്ള സാമൂഹിക തിന്മകൾക്കെതിരെ പൊതുജനങ്ങളിൽ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായി കൂളിമാട് അക്ഷര വായനശാലയുടെ നേതൃത്വത്തിൽ ജാഗ്രതാ ബോർഡുകൾ സ്ഥാപിച്ചു.
കൂളിമാട് പാലത്തിന് താഴെയുള്ള വയോജന പാർക്കും സമീപത്തുള്ള വിശാല സൗകര്യങ്ങളോടുകൂടിയ ടീ സ്റ്റാളും ദിവസേന നൂറുകണക്കിന് ആളുകൾ സന്ദർശിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്. മഴക്കാലത്ത് ചാലിയാർ പുഴയിൽ ശക്തമായ ഒഴുക്കും അപകടസാധ്യതയും നിലനിൽക്കുന്നതിനാൽ പുഴയിലിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ബോർഡുകളിൽ പ്രത്യേകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതോടൊപ്പം, പൊതുസ്ഥലങ്ങളിൽ ലഹരി ഉപയോഗവും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും ഒഴിവാക്കണമെന്നും, മാലിന്യങ്ങൾ വലിച്ചെറിയാതെ ഇരുവഴിഞ്ഞിപ്പുഴയും ചാലിയാറും വയോജന പാർക്കും ശുചിയായി സംരക്ഷിക്കണമെന്നും ബോർഡുകൾ മുഖേന പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കാതെയും പരിസ്ഥിതി സംരക്ഷണത്തിൽ എല്ലാവരും ഉത്തരവാദിത്തത്തോടെ പങ്കാളികളാകണമെന്നും വായനശാല ഭാരവാഹികൾ അറിയിച്ചു.
പ്രദേശത്തിന്റെ സുരക്ഷയും ശുചിത്വവും സാമൂഹിക ഉത്തരവാദിത്തബോധവും ഉയർത്തിപ്പിടിക്കുന്ന ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നാട്ടുകാരിൽ നിന്നും സന്ദർശകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Post a Comment