പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു, ഒടുവിൽ ചർച്ചയ്ക്ക് സമ്മതം മൂളി കേന്ദ്രം; സഭയ്ക്ക് പുറത്തും പ്രതിഷേധം


ന്യൂഡൽഹി : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദം പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം. ചർച്ചയ്ക്ക് തയാറെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയാറായിരുന്നെന്നും നിയമങ്ങൾക്കനുസൃതമായി ചർച്ചകൾ നടത്താമെന്ന് പറയുന്നുണ്ടായിരുന്നെന്നും റിജിജു ലോക്സഭയിൽ പറഞ്ഞു. ചർച്ച എങ്ങനെ നടത്തണം, എത്ര സമയം വേണം, ഏത് നിയമപ്രകാരം നടത്തണം തുടങ്ങിയ കാര്യങ്ങൾ എല്ലാ പാർട്ടിയുടെയും നേതാക്കൾ ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും റിജിജു ആവശ്യപ്പെട്ടു.




പാര്‍ലമെന്റിലെ വർഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും സഭ പ്രക്ഷുബ്ധമായിരുന്നു. പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം കടുപ്പിച്ചതോടെ സഭ നിർത്തിവച്ചു. പിന്നീട് 12 മണിയോടെ നടപടിക്രമങ്ങൾ പുനരാരംഭിച്ചെങ്കിലും പ്രതിഷേധം തുടർന്നതോടെ സഭ രണ്ട് മണിവരെ വീണ്ടും നിർത്തിവച്ചു.

അതിനിടെ, പ്രതിപക്ഷ പാർട്ടി നേതാക്കൾ കറുപ്പ് വസ്ത്രം ധരിച്ചാണ് പാർലമെന്റിൽ എത്തിയത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ, അഖിലേഷ് യാദവ് തുടങ്ങി നിരവധി നേതാക്കൾ പാർലമെന്റിന് പുറത്ത് വിദ്യാര്‍ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധക്കാർക്കെതിരെയുള്ള പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. കോൺഗ്രസ്, സമാജ്‍വാദി പാർട്ടി, ആർജെഡി, ടിഎംസി, ജെഎംഎം തുടങ്ങി പ്രതിപക്ഷ നിരയിലെ എല്ലാ പാർട്ടികളും പ്രതിഷേധത്തിന്റെ ഭാഗമായി.



Post a Comment

Previous Post Next Post
Paris
Paris