ചാലിയാറിന്‍റെ കൈവഴിയില്‍ വിഷം കലക്കി മീൻപിടുത്തം; നാലംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്



ഫറോക്ക്: ചാലിയാറില്‍ വിഷം കലക്കി മീൻ പിടിക്കുന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നദിയുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്ന തരത്തില്‍ മാരക വിഷം കലക്കിയാണ് പ്രതികള്‍ മീൻപിടിച്ചിരുന്നത്.

നാട്ടുകാരുടെ പരാതിയിലാണ് പ്രതികളെ ഫോറോക്ക് പൊലീസ് പിടികൂടിയത്.




ചാലിയാറിന്റെ കൈവഴിയായ ചെത്തുപാലം തോട്ടില്‍ മാരകവിഷം കലക്കിയാണ് പ്രതികള്‍ മീനുകളെ പിടികൂടുന്നത്. വിഷമേറ്റ് ചത്തുവീഴുന്ന ആയിരക്കണക്കിന് മത്സ്യങ്ങളെ വലവെച്ച്‌ പിടികൂടി ദൂരസ്ഥലങ്ങളില്‍ വില്‍പന നടത്തുന്നതാണ് പ്രതികളുടെ രീതി. മഴക്കാലത്ത് നദികളില്‍ ഒഴുക്ക് കൂടുമ്പോഴാണ് സംഘം രാത്രികാലങ്ങളില്‍ പുഴയിലെത്തി വിഷം കലക്കി കടന്നുകളയുന്നത്. പല തവണ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവരെ പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച നാട്ടുകാർ സംഘടിതമായി കാവലിരുന്ന് നാലംഗ സംഘത്തെ പിടികൂടാൻ ശ്രമിച്ചു. ഇക്കാര്യം മനസിലാക്കിയ ഉടൻ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. മറ്റൊരാളെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് പ്രതികളുടെ വിവരം പൊലീസിന് ലഭിച്ചത്.

മലപ്പുറം മുതുവല്ലൂർ സ്വദേശി മുർഷിദ്, അരീക്കോട് സ്വദേശി മുഹമ്മദ് അനീസ്, എടവണ്ണപ്പാറ സ്വദേശികളായ ഹംസ, അബ്ദുല്‍ ജലീല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കും.

Post a Comment

Previous Post Next Post
Paris
Paris