ചാത്തമംഗലം: പൊതുജനങ്ങളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി എം.എ. റസാഖ് മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ ‘മാഷോട് പറയാം’ ജനസമ്പർക്ക പരിപാടി ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു.
"നാടിന്റെ വികസനത്തിനൊപ്പം എന്റെ പ്രിയപ്പെട്ട നാട്ടുകാരുടെ പ്രയാസങ്ങളിൽ അവർക്ക് കൈത്താങ്ങാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങൾ ഓരോരുത്തരും എന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട്, ഉന്നയിക്കപ്പെട്ട പരാതികളിൽ പരമാവധി പരിഹരിക്കുമെന്നും നിങ്ങളിലൊരാളായി ഞാൻ കൂടെയുണ്ടാകും," എന്ന് എം.എ. റസാഖ് മാസ്റ്റർ ചടങ്ങിൽ വ്യക്തമാക്കി.
നൂറുകണക്കിന് ആളുകളാണ് തങ്ങളുടെ വിവിധ പ്രശ്നങ്ങളും വികസന ആവശ്യങ്ങളുമായി ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്തത്. പൊതുജനങ്ങളിൽ നിന്നും ലഭിച്ച പരാതികളിൽ ഭൂരിഭാഗത്തിനും യോഗത്തിൽ വെച്ചുതന്നെ തീരുമാനമുണ്ടാക്കാൻ എം.എൽ.എയ്ക്ക് സാധിച്ചു. മറ്റുള്ള പരാതികൾ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം കർശന നിർദ്ദേശം നൽകി.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നദീറ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അനീഷ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു. നാടിന്റെ വികസന ചരിത്രത്തിൽ ജനകീയതയുടെ പുത്തൻ മാതൃക തീർത്താണ് ചാത്തമംഗലത്തെ ജനസമ്പർക്ക പരിപാടി സമാപിച്ചത്

Post a Comment