സംസ്ഥാനത്ത് മുട്ടവില കുതിക്കുന്നു; താറാവുമുട്ടയ്ക്ക് 15 രൂപ, കോഴിമുട്ടയും റെക്കോര്‍ഡ് നിരക്കിൽ


തിരുവനന്തപുരം: സംസ്ഥാനത്ത് മുട്ടവില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ താറാവുമുട്ടയ്ക്ക് രണ്ടു രൂപ വര്‍ധിച്ചതോടെ വിപണിവില ഒന്നിന് 15 രൂപയിലെത്തി. ആറുമാസം മുന്‍പ് 11 രൂപയായിരുന്നു താറാവുമുട്ടയുടെ വില. കോഴിമുട്ടയുടെ വിലയും റെക്കോര്‍ഡ് ഉയരത്തിലാണ്. നാടന്‍ കോഴിമുട്ടയുടെ വില ഒന്നിന് 7 രൂപയില്‍ നിന്ന് 10 രൂപയായി ഉയര്‍ന്നു. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന സാധാരണ കോഴിമുട്ടയ്ക്കും ഇപ്പോള്‍ 9 രൂപവരെയാണ് വില.




വിലവര്‍ധനയ്ക്ക് പുറമെ മുട്ടയുടെ തൂക്കം ഗണ്യമായി കുറഞ്ഞതും ഉപഭോക്താക്കള്‍ക്ക് അധികഭാരമായി. നേരത്തെ ഒരു താറാവുമുട്ടയ്ക്ക് 68 മുതല്‍ 70 ഗ്രാം വരെ തൂക്കമുണ്ടായിരുന്നെങ്കില്‍, തീറ്റക്ഷാമത്തെ തുടര്‍ന്ന് ഇപ്പോള്‍ ഇത് 48 മുതല്‍ 50 ഗ്രാം വരെയായി കുറഞ്ഞിരിക്കുകയാണ്. വിപണിയില്‍ പ്രധാനമായും ബുള്ളറ്റ്, നോര്‍മല്‍, ഓവര്‍സൈസ് എന്നിങ്ങനെ മൂന്നു തരം കോഴിമുട്ടകളാണ് ലഭ്യമാകുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നതും കയറ്റുമതി ചെയ്യുന്നതും നോര്‍മല്‍ മുട്ടയാണ്. ആദ്യഘട്ടത്തില്‍ ലഭിക്കുന്ന ചെറിയ വലുപ്പമുള്ള ബുള്ളറ്റ് മുട്ടയ്ക്ക് 25 മുതല്‍ 35 ഗ്രാം വരെയും, നോര്‍മല്‍ മുട്ടയ്ക്ക് 40 മുതല്‍ 55 ഗ്രാം വരെയും തൂക്കമുണ്ട്. എളുപ്പത്തില്‍ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലായതിനാല്‍ ഓവര്‍സൈസ് മുട്ടയുടെ വ്യാപാരം താരതമ്യേന കുറവാണ്.

മുട്ടവില വര്‍ധിച്ചതോടെ ഹോട്ടലുകളില്‍ ഓംലറ്റ് ഉള്‍പ്പെടെയുള്ള മുട്ട വിഭവങ്ങള്‍ക്കും വില കൂട്ടിയിട്ടുണ്ട്. ഉല്‍പ്പാദനച്ചെലവ് കുത്തനെ ഉയര്‍ന്നതും തീറ്റവില വര്‍ധിച്ചതും മൂലം കോഴി-താറാവ് വളര്‍ത്തല്‍ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് കര്‍ഷകര്‍ പറയുന്നു. ഇതോടെ നിരവധി പേര്‍ ഈ മേഖലയില്‍ നിന്ന് പിന്മാറുകയും വിപണിയിലെ മുട്ട ലഭ്യത കുറയുകയും ചെയ്തതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.


Post a Comment

Previous Post Next Post
Paris
Paris