REFOCC പത്താം വാർഷികം ‘ദ്യുതി’: 10 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു



മാവൂർ: കഴിഞ്ഞ പത്ത് വർഷമായി സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന മാവൂർ ചെറുപ്പ ആസ്ഥാനമായുള്ള ‘റീജിയണൽ ഫൗണ്ടേഷൻ ഫോർ ചാരിറ്റി ആൻഡ് കൾച്ചറൽ ഡെവലപ്‌മെൻ്റ്’ (REFOCC) സംഘടനയുടെ പത്താം വാർഷികാഘോഷം ‘ദ്യുതി’ എന്ന പേരിൽ സംഘടിപ്പിക്കുന്നു. ‘കൂട്ടായ്മ‌യുടെ കരുത്ത്; കാരുണ്യത്തിൻ്റെ തണൽ’ എന്ന സന്ദേശവുമായി നടത്തുന്ന വാർഷികാഘോഷങ്ങളുടെ ഭാഗമായി 10 ലക്ഷം രൂപയുടെ ‘REFOCC ഡെസെന്നിയൽ സ്കോളേഴ്സ് അവാർഡ്’ (Decennial Scholars Award) സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.




സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് പിന്തുണ നൽകുക എന്നതാണ് ഈ പ്രോജക്റ്റിന്റെ ലക്ഷ്യം.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രണ്ട് കോടി രൂപയോളം മൂല്യമുള്ള വിവിധ ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തദ്ദേശീയരായ അർഹരായ കുടുംബങ്ങൾക്ക് രണ്ട് വീടുകൾ നിർമ്മിച്ച് നൽകൽ, പാലിയേറ്റീവ് കെയർ കേന്ദ്രങ്ങൾക്ക് മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യൽ, ആരോഗ്യ-വിദ്യാഭ്യാസ സഹായങ്ങൾ, പരിസ്ഥിതി സംരക്ഷണം, ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടനയുടെ പ്രധാന പ്രവർത്തനങ്ങളാണ്.

പത്താം വാർഷികത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ്, ശുചീകരണ ക്യാമ്പയിൻ, പരിസ്ഥിതി സംരക്ഷണ പരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ആഘോഷങ്ങളുടെ കൺവീനറായി ഡോ. ശ്രീജിത്ത് മംഗലത്ത് നേതൃത്വം നൽകും.
വാർത്താസമ്മേളനത്തിൽ REFOCC പ്രസിഡന്റ് എ.കെ. ഫാസിൽ, സെക്രട്ടറി ഷാഹുൽ പി.കെ., വൈസ് പ്രസിഡന്റ് രാജേഷ് ടി., ട്രഷറർ ഹുസൈൻ കുട്ടി കെ., ജോയിന്റ് സെക്രട്ടറി ബിനീഷ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷരീഫ് വി.കെ., അനീസ് കെ. എന്നിവർ പങ്കെടുത്തു. 

സംഘടന മുന്നോട്ട് വെക്കുന്ന ഈ ഉദ്യമങ്ങൾക്ക് പൊതുസമൂഹത്തിന്റെ പിന്തുണ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post
Paris
Paris