ഇന്ത്യയിൽ ടെലിഗ്രാം 'റീഎൻട്രി'; സന്ദേശങ്ങൾ അയക്കാം



ന്യൂഡൽഹി :  നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് അവസാനിച്ചതോടെ പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാം ഇന്ത്യയിൽ പതുക്കെ പ്രവർത്തനസജ്ജമായിത്തുടങ്ങി. ജൂൺ 21ന് നടന്ന നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ മുൻനിർത്തി ജൂൺ 22 വരെ ഏർപ്പെടുത്തിയിരുന്നതായിരുന്നു നിരോധനം. ഇതിന്റെ ഭാഗമായി ഗൂഗിൾ പ്ലേ സ്റ്റോറിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ആപ് വീണ്ടും ഡൗൺലോഡ് ചെയ്യാൻ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്...


പല ഉപയോക്താക്കൾക്കും സന്ദേശങ്ങൾ സാധാരണ നിലയിൽ ലഭിക്കുന്നുണ്ടെങ്കിലും ചിലർ ഇപ്പോഴും ആപ് പൂർണ്ണമായി പ്രവർത്തിക്കുന്നില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരാതിപ്പെടുന്നുണ്ട്.സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നില്ലെന്ന് പരാതിപ്പെട്ട ഒരു ഉപയോക്താവിനോട് "ഇത് ഞങ്ങളുടെ കയ്യിലുള്ള കാര്യമല്ല, നിങ്ങളുടെ സർക്കാരിനോട് ചോദിക്കൂ സുഹൃത്തേ" എന്നാണ് ടെലിഗ്രാം ഔദ്യോഗികമായി മറുപടി നൽകിയത്.

അതേസമയം ആൻഡ്രോയിഡിൽ ആപ്പ് തിരിച്ചെത്തിയെങ്കിലും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഐഫോൺ ഉപയോക്താക്കൾക്കായി ടെലിഗ്രാം ഇതുവരെ പൂർണ്ണമായി ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്ന് ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നു.

മേയ് 3ന് നടന്ന നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളെത്തുടർന്ന് മേയ് 12നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) റദ്ദാക്കിയത്. ഇതിനെത്തുടർന്ന് ജൂൺ 21ന് നിശ്ചയിച്ച പുനഃപരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനാണ് ഐടി ആക്ട് സെക്ഷൻ 69എ പ്രകാരം ടെലിഗ്രാമിന് ജൂൺ 16 മുതൽ കേന്ദ്ര ഐടി മന്ത്രാലയം താൽക്കാലിക വിലക്കേർപ്പെടുത്തി.

ആപ്പിലെ പ്രധാന നിരോധനം അവസാനിച്ചെങ്കിലും മുൻപ് പോസ്റ്റ് ചെയ്ത സന്ദേശങ്ങൾ തിരുത്താനുള്ള 'മെസ്സേജ് എഡിറ്റിങ്' ഫീച്ചറിനുള്ള വിലക്ക് ജൂൺ 30 വരെ ഇന്ത്യയിൽ തുടരും. പരീക്ഷ കഴിഞ്ഞതിന് ശേഷം ടൈംസ്റ്റാംപ് മാറ്റാതെ ചോദ്യപേപ്പർ തിരുകിക്കയറ്റി വ്യാജ ചോർച്ചാ തെളിവുകൾ ഉണ്ടാക്കുന്നത് തടയാനാണ് ഈ പ്രത്യേക നിയന്ത്രണം.




Post a Comment

Previous Post Next Post
Paris
Paris