പിഎം ശ്രീ പദ്ധതി; ലീഗിൻ്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ല- മന്ത്രി എൻ.ഷംസുദ്ദീൻ



തിരുവനന്തപുരം: പിഎം ശ്രീ കരാറുമായി ബന്ധപ്പെട്ട് ലീഗിന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ. വിഷയത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാണ്. കഴിഞ്ഞ സർക്കാർ ധാരണാപത്രം ഒപ്പിട്ടിരുന്നു. മുടങ്ങി കിടന്ന ഫണ്ട് വന്നു. എന്നാൽ, പിഎംശ്രീയിൽ ഒപ്പിട്ടതിൽ വിവാദമായതോടെ ധാരണാപത്രത്തിൽ നിന്ന് പിൻവാങ്ങുന്നു എന്നു പറഞ്ഞ് കത്ത് നൽകിയിരുന്നു. ഒപ്പിട്ട ധാരണാപത്രത്തിന്റെ ഭാവിയാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.


എല്ലാ സ്‌കൂളുകളിലും സ്കൂൾ‌ തുറക്കും മുമ്പ് തന്നെ ടെക്സ്റ്റ് ബുക്കുകൾ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഫിറ്റ്നസിൻ്റെ പേരിൽ സ്‌കൂൾ തുറക്കാതിരുന്നിട്ടില്ല. കാലപ്പഴക്കം കൊണ്ടാണ് ചില സ്‌കൂൾ തുറക്കാതിരുന്നത്. സെൻസസ് ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരുടെ സ്ഥലമാറ്റത്തിനുള്ള നടപടി ഉടൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ പഠനനിലവാരം സംബന്ധിച്ച് പല ആശങ്കളും പലരും പങ്കുവെക്കുന്നുണ്ട്. പത്താം ക്ലാസിൽ എത്തിയതിന് ശേഷവും പേര് എഴുതാൻ അറിയാത്തവരും ഗുണനപട്ടിക അറിയാത്തവരും ഉണ്ടെന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്. അത് പരിശോധിക്കും. ഗുണനിലവാരം ഉറപ്പാക്കാൻ എന്ത് ചെയ്യാൻ‌ കഴിയുമെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളിൽ കളർ ഡ്രസ് വേണമെന്ന ആവശ്യം കുട്ടികളിൽ നിന്ന് ഉയരുന്നുണ്ട്. ഒരു ദിവസം കളർ ഡ്രസ് എന്നതിൽ പ്രശ്നമില്ല. ചർച്ചയ്ക്ക് ശേഷമേ പ്രഖ്യാപനം ഉണ്ടാകൂ. പ്രശ്നമുണ്ടാകുമെന്ന് വ്യക്തിപരമായി തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു. എൽഎസ്എസ്-യുഎസ്എസ് സ്കോളർഷിപ്പുകൾ കുശ്ശികയുണ്ട് എന്നത് സത്യമാണ്. കൊടുത്ത് തീർക്കേണ്ടതുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിൽ ആർത്തവാവധി എന്നത് സർക്കാറിന്റെ നയപ്രഖ്യാപനമാണ്. പെൺകുട്ടികളോട് അനുഭാവമുള്ള നിലപാടാണ്. ചർച്ചയായത് അതിന്റെ നെഗറ്റീവ് വശം മാത്രമാണ്. അവധി കാരണം പെൺകുട്ടികളെ മാറ്റിനിർത്തും എന്ന് തോന്നുന്നില്ല. തീരുമാനമായി ഇപ്പോൾ മുന്നോട്ടുപോകുമെന്ന് എൻ.ഷംസുദ്ദീൻ പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris