സബ്സിഡി നിരക്കിൽ ലഭിക്കുന്ന എൽപിജി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം; ഇനി ഒരു വർഷം ലഭിക്കുക 4 എണ്ണം



പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് പ്രതിവർഷം ലഭിക്കുന്ന സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതിൽ നിന്ന് നാലായി കുറച്ചു. സാധാരണ കുടുംബങ്ങളുടെ ശരാശരി വാർഷിക ഉപഭോഗം കണക്കിലെടുത്താണ് സബ്സിഡി സിലിണ്ടറുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.


2016 മേയിൽ ആരംഭിച്ച പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് തുടക്കത്തിൽ പ്രതിവർഷം 14.2 കിലോഗ്രാമിന്റെ 12 സിലിണ്ടറുകളായിരുന്നു സബ്സിഡി നിരക്കിൽ ലഭിച്ചിരുന്നത്. കഴിഞ്ഞ വർഷമാണ് ഇത് ഒമ്പത് സിലിണ്ടറുകളായി ചുരുക്കിയത്. ഇപ്പോൾ അത് വീണ്ടും നാലായി കുറച്ചിരിക്കുകയാണ്.

പുതുക്കിയ സിലിണ്ടർ ക്വാട്ട ഉജ്ജ്വല ഗുണഭോക്താക്കളുടെ ശരാശരി വാർഷിക ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി പ്രവീൺ മൽ ഖനൂജ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പാചക വാതക ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങൾക്ക് താങ്ങാനാവുന്നതാക്കുന്നതിനുമായി 2022 മേയിലാണ് സിലിണ്ടറിന് 200 രൂപ സബ്സിഡി സർക്കാർ പ്രഖ്യാപിച്ചത്. ഇത് നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കുകയായിരുന്നു. തുടർന്ന് 2023 ഒക്ടോബറിൽ ഈ സബ്സിഡി 300 രൂപയായി ഉയർത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് ഘട്ടങ്ങളിലായി ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 89 രൂപ വർധിച്ചു. ജൂൺ ഏഴിലെ ഏറ്റവും പുതിയ വർധനവോടെ സിലിണ്ടർ വില 942 രൂപയായി ഉയർന്നിട്ടുണ്ട്. 300 രൂപ സബ്സിഡി കിഴിച്ചാൽ ഉജ്ജ്വല ഗുണഭോക്താക്കൾ ഇപ്പോൾ ഒരു സിലിണ്ടറിന് 642 രൂപയാണ് നൽകേണ്ടത്.

Post a Comment

Previous Post Next Post
Paris
Paris