മൂന്ന് വർഷത്തിന് ശേഷം മിൽമ പാൽ വില വർദ്ധിപ്പിച്ചത് കർഷകർക്ക് നേരിയ ആശ്വാസമാണെങ്കിലും, ഉൽപ്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നത് ക്ഷീരകർഷകരെ വീണ്ടും നിരാശയിലാക്കുന്നു. മിൽമ ലിറ്ററിന് 4 രൂപയാണ് വർദ്ധിപ്പിച്ചത്.
ഇതോടെ കടകളിൽ അര ലിറ്റർ പാക്കറ്റിന് 28 രൂപയിൽ നിന്ന് 30 രൂപയായും, ഒരു ലിറ്ററിന് 56 രൂപയിൽ നിന്ന് 60 രൂപയായും വില ഉയർന്നു. വർദ്ധിപ്പിച്ച തുകയിൽ 3.35 രൂപ കർഷകർക്കും, 10 പൈസ മിൽമയ്ക്കും, ബാക്കി തുക സഹകരണ സംഘങ്ങൾക്കുമാണ് ലഭിക്കുക.
നിലവിൽ ഗുണനിലവാരമനുസരിച്ച് സൊസൈറ്റികളിൽ നിന്ന് ലഭിച്ചിരുന്ന 40 രൂപയ്ക്ക് പകരം ഇനിമുതൽ 44 രൂപ വരെ ലഭിക്കുമെന്നാണ് കർഷക പ്രതീക്ഷയെങ്കിലും ഇത് എല്ലാ കർഷകർക്കും ഒരുപോലെ ലഭ്യമാകണമെന്നില്ല.
എന്നാൽ പാൽ വില വർദ്ധനവിന് തൊട്ടുപിന്നാലെ കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് 160 രൂപയോളമാണ് കമ്പനികൾ വർദ്ധിപ്പിച്ചത്.
രണ്ടുമാസം മുൻപ് 1,250 രൂപയ്ക്ക് ലഭിച്ചിരുന്ന 50 കിലോ കാലിത്തീറ്റ ചാക്കിന് ഇപ്പോൾ 1,410 രൂപയ്ക്ക് മുകളിലാണ് വില. ഇതിന് പുറമെ വൈക്കോൽ, തീറ്റപ്പുല്ല്, പിണ്ണാക്ക്, തവിട് എന്നിവയുടെ വിലയും കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ പശു വളർത്തലിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് കർഷകർ പറയുന്നു.
അതേസമയം, പാൽ വില ഉയർന്നതോടെ ചായ, കാപ്പി എന്നിവയ്ക്ക് വില കൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഹോട്ടൽ ഉടമകൾ. പാചകവാതക വിലവർദ്ധനയും തൊഴിലാളി ക്ഷാമവും കാരണം അടുത്തിടെയാണ് ചായ വില 10 രൂപയിൽ നിന്ന് 12 രൂപയായി ഭൂരിഭാഗം ഹോട്ടലുകളും വർദ്ധിപ്പിച്ചത്. ഇനിയും വില കൂട്ടിയാൽ കച്ചവടം കുത്തനെ ഇടിയുമെന്ന ഭയത്തിലാണ് വ്യാപാരികൾ.
m
Post a Comment