സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു



കോഴിക്കോട്: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് അഞ്ച് പേര്‍ക്കും കോഴിക്കോട് നാല് പേര്‍ക്കും വയനാട്ടില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ മാസത്തില്‍ മാത്രം സംസ്ഥാനത്ത് 190 പേര്‍ക്ക് ഷിഗെല്ല ബാധിക്കുകയും ആറ് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ 266 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.




ജൂണ്‍ മാസത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ കോഴിക്കോട് (65), വയനാട് (26), തൃശൂര്‍ (13), ആലപ്പുഴ (5) ജില്ലകളില്‍ ഷിഗെല്ല ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം (30), തിരുവനന്തപുരം (18), കൊല്ലം (12), കണ്ണൂര്‍ (11), എറണാകുളം (4), ഇടുക്കി (3), പാലക്കാട് (3) ജില്ലകളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിപ: മൂന്ന് പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി

നിപ രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ള രണ്ട് പേരെ 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കി. കുറഞ്ഞ അപകടസാധ്യതാ വിഭാഗത്തിലെ ഒരാളെയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും നിരീക്ഷണ കാലയളവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. ഇവരെല്ലാം രോഗബാധിതന്റെ സഹപ്രവര്‍ത്തകരാണ്.

നിലവില്‍ നിപ രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. വളരെ ഉയര്‍ന്ന അപകടസാധ്യതാ വിഭാഗത്തില്‍ നാല് പേരും ഉയര്‍ന്ന അപകടസാധ്യതാ വിഭാഗത്തില്‍ 11 പേരും ക്വാറന്റീനിലാണ്. കുറഞ്ഞ അപകടസാധ്യതാ വിഭാഗത്തില്‍പ്പെട്ട 74 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

ജൂണ്‍ 10 മുതല്‍ നിപ സമാന രോഗലക്ഷണങ്ങളുള്ളവരില്‍ നടത്തിയ പരിശോധനയില്‍ 55 പേരുടെ ഫലവും നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു..

*നിപ രോഗി വെന്റിലേറ്ററില്‍:*

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള നിപ രോഗബാധിതന്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. രോഗവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് ഇതുവരെ 93 ഫോണ്‍വിളികള്‍ ലഭിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുമായും ആരോഗ്യപ്രവര്‍ത്തകര്‍  ബന്ധപ്പെട്ടു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേര്‍ക്ക് മാനസിക പിന്തുണയും കൗണ്‍സലിംഗും നല്‍കിയിട്ടുണ്ട്..


Post a Comment

Previous Post Next Post
Paris
Paris