ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അധ്യാപികയും അറസ്റ്റിൽ. പുണെയിൽ ബയോളജി പ്രൊഫസറായ മനീഷ ഗുരുനാഥ് മന്ഥാരെയെയാണ് ശനിയാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്. ഇതോടെ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അറസ്റ്റ് ചെയ്തവരുടെ എണ്ണം ഒൻപതായി.
പുണെയിൽ അധ്യാപികയായ മനീഷയെ ഡൽഹിയിലെത്തിച്ച് ചോദ്യംചെയ്തശേഷമാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബയോളജി അധ്യാപികയായ മനീഷ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഈ വർഷത്തെ നീറ്റ് യുജി പരീക്ഷയ്ക്കായി ചുമതലപ്പെടുത്തിയ അധ്യാപകരിൽ ഒരാളാണെന്നാണ് വിവരം. നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കാനും പരീക്ഷാനടത്തിപ്പിനുമായി എൻടിഎ രൂപവത്കരിച്ച വിദഗ്ധരുടെ സമിതിയിൽ ഇവരും അംഗമായിരുന്നു. ഈ അവസരം ഉപയോഗിച്ചാണ് പ്രതി ചോദ്യപേപ്പർ ചോർത്തിയതെന്നാണ് റിപ്പോർട്ട്.
നീറ്റ് പരീക്ഷയിലെ ബോട്ടണി, സുവോളജി വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളെല്ലാം മനീഷയ്ക്ക് നേരത്തേ ലഭിച്ചിരുന്നതായാണ് വിവരം. ഏപ്രിൽ ആദ്യവാരം കേസിൽ നേരത്തേ അറസ്റ്റിലായ മനീഷ വാഗ്മാരെ വഴി ഇവർ ചില കുട്ടികൾക്ക് പരീക്ഷാ പരിശീലനം നൽകിയിരുന്നു. പുണെയിലെ വീട്ടിൽവെച്ചാണ് ചില കുട്ടികൾക്ക് നീറ്റ് പരിശീലനം നൽകിയിരുന്നത്. തുടർന്ന് ഇവർക്ക് ബോട്ടണി, സുവോളജി വിഷയങ്ങളിൽ വരാൻ സാധ്യതയുള്ള ചോദ്യങ്ങളും പ്രത്യേകം നൽകി. ഈ ചോദ്യങ്ങളെല്ലാം കുട്ടികൾ കുറിച്ചെടുത്തു. പിന്നീട് പരീക്ഷ നടന്നപ്പോൾ അധ്യാപിക നൽകിയ അതേ ചോദ്യങ്ങളാണ് ആവർത്തിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ലാത്തൂരിലെ കെമിസ്ട്രി പ്രൊഫസറായ പി.വി. കുൽക്കർണിയെയും കഴിഞ്ഞദിവസം സിബിഐ അറസ്റ്റ്‌ചെയ്തിരുന്നു. എൻടിഎ ചോദ്യപേപ്പർ തയ്യാറാക്കാൻ നിയോഗിച്ച വിദഗ്ധസമിതിയിലെ അംഗമായിരുന്നു കുൽക്കർണിയും. ഇയാളും സമാനരീതിയിൽ ചോദ്യങ്ങൾ ചോർത്തിനൽകിയതായാണ് സിബിഐ അന്വേഷണത്തിലെ കണ്ടെത്തൽ.
Post a Comment