നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍: ജില്ലയില്‍ ഒരുക്കം പൂര്‍ത്തിയായി -ജില്ലാ കലക്ടർ



വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും

ആദ്യം എണ്ണിത്തുടങ്ങുക പോസ്റ്റല്‍ വോട്ടുകൾ 

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് കേന്ദ്രങ്ങളിലായി മറ്റന്നാൾ (മെയ് 4) നടക്കുന്ന വോട്ടെണ്ണല്‍ സുഗമവും സുതാര്യവുമായി നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുള്ള എല്ലാ സംവിധാനങ്ങളും ജില്ലയില്‍ ഒരുക്കിയതായും കലക്ടര്‍ അറിയിച്ചു.


വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ മടപ്പള്ളി ഗവ. കോളേജിലും തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കൂടത്തായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ആണ് ക്രമീകരിച്ചിരിക്കുന്നത്. കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോംപ്ലക്‌സിലുമാണ് നടക്കുക.

*ഇ.വി.എം വേട്ടെണ്ണലിന് 14 ടേബിളുകള്‍*

പ്രത്യേകം തയാറാക്കിയ കൗണ്ടിങ് ഹാളുകളിലാണ് ഓരോ മണ്ഡലത്തിലെയും വോട്ടെണ്ണല്‍ നടക്കുക. ഇ.വി.എം വോട്ടെണ്ണാന്‍ ഓരോ മണ്ഡലത്തിലും 14 ടേബിളുകള്‍ വീതമാണ് സജ്ജീകരിച്ചിട്ടുള്ളത്. പോസ്റ്റല്‍ ബാലറ്റുകള്‍, ഇ.ടി.പി.ബി.എസ് വോട്ടുകള്‍ എന്നിവ എണ്ണുന്നതിനുള്ള ടേബിളുകള്‍ ഓരോ നിയോജകമണ്ഡലത്തിലെയും ബാലറ്റുകളുടെ എണ്ണത്തിനനുസരിച്ചാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇത് പ്രകാരം വടകരയില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനായി 7 ടേബിളുകളും ഇ.ടി.പി.ബി.എസ് വോട്ടുകള്‍ എണ്ണാന്‍ ഒരു ടേബിളും പ്രവര്‍ത്തിക്കും. കുറ്റ്യാടി 10-1, നാദാപുരം 10-1,  കൊയിലാണ്ടി 8-2, പേരാമ്പ്ര 14-3, ബാലുശ്ശേരി 15-2, എലത്തൂര്‍ 14-2, കോഴിക്കോട് നോര്‍ത്ത് 9-2,  കോഴിക്കോട് സൗത്ത് 5-1, ബേപ്പൂര്‍ 7-1, കുന്ദമംഗലം 13-1, കൊടുവള്ളി 6-1, തിരുവമ്പാടി 6-1 എന്നിങ്ങനെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍-ഇ.ടി.പി.ബി.എസ് ടേബിളുകളുടെ എണ്ണം.

ഓരോ ഇ.വി.എം വോട്ടെണ്ണല്‍ ടേബിളിലും കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്ന ടേബിളില്‍ അഡീഷണല്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരും ഇ.ടി.പി.ബി.എസ് കൗണ്ടിങ്ങിനായി കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, അഡീഷണല്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എന്നിവരുമാണ് പ്രവര്‍ത്തിക്കുക.

ഇ.വി.എം കൗണ്ടിങ്ങിനായി ജില്ലയില്‍ 741 ഉദ്യോഗസ്ഥരെയും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനായി 661 ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ട് റാന്‍ഡമൈഷന്‍ പൂര്‍ത്തിയായി. മൂന്നാംഘട്ട റാന്‍ഡമൈസേഷന്‍ വോട്ടെണ്ണല്‍ ദിനത്തില്‍ വരണാധികാരികളുടെ നേതൃത്വത്തില്‍ രാവിലെ അഞ്ചിന് നടക്കും. ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലനങ്ങള്‍ പൂര്‍ത്തിയായി. അവസാനഘട്ട പരിശീലനം നാളെ (മെയ് 3) നടക്കും.

*വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും*

ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണലിന് മുന്നോടിയായി സ്‌ട്രോങ് റൂം ആറുമണിക്ക് തുറക്കും. ആദ്യം എണ്ണിത്തുടങ്ങുക പോസ്റ്റല്‍ വോട്ടുകളും, ഇ.ടി.പി.ബി.എസ് വോട്ടുകളുമാണ്. ഇ.വി.എം വോട്ടുകള്‍ 8.30ന് എണ്ണിത്തുടങ്ങും.  

വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും പരിസരങ്ങളിലെയും സുരക്ഷ ഉറപ്പാക്കാന്‍ സി.എ.പി.എഫ്, കേരള പോലീസ് സേനകള്‍ ഉള്‍പ്പെടുന്ന ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. റിട്ടേണിങ് ഓഫീസര്‍മാര്‍ ഒഴികെ ആരുടെയും മൊബൈല്‍ ഫോണുകള്‍ വോട്ടെണ്ണല്‍ മുറിക്കുള്ളില്‍ അനുവദിക്കില്ല. ഇ.വി.എം വോട്ടെണ്ണല്‍ അവസാന റൗണ്ടിന് ശേഷം ഓരോ നിയമസഭാ മണ്ഡലത്തിലെയും തത്സമയം തിരഞ്ഞെടുക്കുന്ന അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വി വി പാറ്റ് സ്ലിപ്പുകള്‍ എണ്ണി ഒത്തുനോക്കും. ഇതിനുശേഷമാണ് ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവുക. വോട്ടെണ്ണല്‍ പ്രക്രിയ സുതാര്യവും സമാധാനപരവുമാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൂര്‍ണമായി സഹകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി സുപിന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി അബ്ദുല്‍ കരീം തുടങ്ങിയവര്‍ പങ്കെടുത്തു.

കൗണ്ടിങ് ഹാള്‍ പ്രവേശനം ഇങ്ങനെ:


ഗവ. കോളേജ്, മടപ്പള്ളി 

ഗേറ്റ് 1 (പ്രധാന ഗേറ്റ്): പ്രവേശനമില്ല
ഗേറ്റ് 2 (പാര്‍ക്കിങ് ഗ്രൗണ്ടിന് സമീപം): ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, മാധ്യമങ്ങള്‍


ജെ.ഡി.ടി ഇസ്‌ലാം എജ്യൂക്കേഷണല്‍ കോംപ്ലക്‌സ്

ഗേറ്റ് 1 (പ്രധാന ഗേറ്റ്): ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ചീഫ് ഏജന്റ്, മാധ്യമങ്ങള്‍
ഗേറ്റ് 2 (ഹൈസ്‌കൂള്‍ ഗേറ്റ്): പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍.
ഗേറ്റ് 3 (ഐ.ടി.സി ഗേറ്റ്): പ്രവേശനമില്ല.
ഗേറ്റ് 4 (പോളിടെക്‌നിക് ഗേറ്റ്): കൊയിലാണ്ടി മണ്ഡലം ഏജന്റുമാര്‍.
ഗേറ്റ് 5 (ഗ്രൗണ്ടിലേക്കുള്ള ഗേറ്റ്): പോസ്റ്റല്‍, ഇ.ടി.പി.ബി.എസ് കൗണ്ടിങ് ഏജന്റുമാര്‍

സെന്റ് മേരീസ് എച്ച്.എസ്.എസ് കൂടത്തായി

ഗേറ്റ് 1 (ഹൈസ്‌കൂള്‍ ഗേറ്റ്): സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, മാധ്യമങ്ങള്‍
ഗേറ്റ് 2 (എല്‍.പി സ്‌കൂള്‍ ഗേറ്റ്): ഉദ്യോഗസ്ഥര്‍ 

ഓരോ മണ്ഡലത്തിലെയും പോളിങ് ബൂത്തുകളുടെ എണ്ണം

വടകര (186)
കുറ്റ്യാടി (222)
നാദാപുരം (254)
കൊയിലാണ്ടി (231)
പേരാമ്പ്ര (232)
ബാലുശ്ശേരി (256)
എലത്തൂര്‍ (209)
കോഴിക്കോട് നോര്‍ത്ത് (186)
കോഴിക്കോട് സൗത്ത് (168)
ബേപ്പൂര്‍ (215)
്കുന്ദമംഗലം (255)
കൊടുവള്ളി (214)
തിരുവമ്പാടി (209)

Post a Comment

Previous Post Next Post
Paris
Paris