ആ അപ്രതീക്ഷിതമായ സന്ദേശമോ ഉച്ചത്തിലുള്ള ബീപ് ശബ്ദമോ ഇന്നെത്തും. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് സിസ്റ്റത്തിന്റെ’ രാജ്യവ്യാപകമായുള്ള പരിശോധന ഇന്ന് ആയിരിക്കും നടക്കുക. ടെലികമ്യൂണിക്കേഷൻ വകുപ്പും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നാണ് ഈ പരീക്ഷണം നടത്തുക.
തിരഞ്ഞെടുത്ത പ്രദേശത്തെ എല്ലാ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം അടിയന്തര മുന്നറിയിപ്പുകൾ നൽകാൻ കഴിയുന്ന ഒരു പുതിയ സെൽ ബ്രോഡ്‌കാസ്റ്റ് അലർട്ട് സിസ്റ്റത്തിന്റെ പരീക്ഷണങ്ങളാണ് നിലവിൽ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാജ്യത്തെ ഭൂരിഭാഗം മൊബൈൽ ഫോണുകളിലും ഉച്ചത്തിലുള്ള ശബ്ദത്തോടു കൂടി പരീക്ഷണ സന്ദേശങ്ങൾ ലഭിക്കും.
പ്രകൃതി ദുരന്തങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയുണ്ടാകുമ്പോൾ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താനാണ് ഈ ട്രയൽ റൺ. ഇന്ന് നിങ്ങളുടെ മൊബൈൽ ഫോണിൽ ഉച്ചത്തിലുള്ള ബീപ് ശബ്ദത്തോടുകൂടി ‘Emergency Alert: Severe’ എന്ന തലക്കെട്ടിൽ ഒരു സന്ദേശം തെളിഞ്ഞുവന്നാൽ പരിഭ്രമിക്കേണ്ടതില്ല. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും സന്ദേശങ്ങൾ വരാം. ഇതൊരു പരീക്ഷണ സന്ദേശമാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.
ഇനി സന്ദേശം ലഭിക്കുമ്പോൾ ഫോൺ സൈലന്റ് മോഡിലാണെങ്കിലും ശബ്ദം കേൾക്കാൻ സാധ്യതയുണ്ട്. സ്ക്രീനിൽ തെളിയുന്ന സന്ദേശത്തിന് താഴെയുള്ള ‘ഓക്കേ’ ബട്ടൺ അമർത്തുന്നതോടെ ശബ്ദം നിലയ്ക്കും. റേഡിയോ, ടിവി തുടങ്ങിയ മാധ്യമങ്ങളെക്കാൾ വേഗത്തിൽ ഒരു നിശ്ചിത പ്രദേശത്തെ മുഴുവൻ ആളുകൾക്കും ഒരേസമയം മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.
Post a Comment