കോഴിക്കോട്: സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ (എസ്.എസ്.ജി) 2025 റാങ്കിങ്ങില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും ദക്ഷിണ മേഖലയില്‍ രണ്ടാം സ്ഥാനവും നേടി കോഴിക്കോട് ജില്ലക്ക് അഭിമാന നേട്ടം.
ഗ്രാമീണ ശുചിത്വത്തിലും മാലിന്യ സംസ്‌കരണ രംഗത്തുമുള്ള മികവാണ് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള കുടിവെള്ള-ശുചിത്വ വകുപ്പ് നല്‍കുന്ന അംഗീകാരത്തിന് അര്‍ഹമാക്കിയത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയിലാണ് ജില്ല രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.
ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ ടി രാകേഷ് എന്നിവർ വഹിച്ച നേതൃപരമായ പങ്ക് ജില്ലയെ ഈ അഭിമാന നേട്ടത്തിന് അർഹയാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.
സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2025 സര്‍വേയുടെ ഭാഗമായി സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ എന്നിവിടങ്ങളിലെ ശുചിത്വവും ശൗചാലയ സൗകര്യങ്ങളും ദേശീയ ഏജന്‍സികള്‍ നേരിട്ട് പരിശോധിച്ചിരുന്നു.
മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍, ഗതാഗത കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെയും ഗാര്‍ഹിക മേഖലയിലെയും മാലിന്യ സംസ്‌കരണവും ശുചിത്വ സംവിധാനങ്ങളും പരിഗണിച്ചു. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍, ഗ്രേ വാട്ടര്‍ മാനേജ്‌മെന്റ് സംവിധാനങ്ങള്‍, ഫീക്കല്‍ സ്ലഡ്ജ് മാനേജ്‌മെന്റ് (എഫ്.എസ്.എം) സംവിധാനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനക്ഷമതയും വിലയിരുത്തിയിരുന്നു.
എല്ലാ ഗ്രാമപഞ്ചായത്തുകളുടെയും ഏകോപിത പ്രവര്‍ത്തനവും ജനപങ്കാളിത്തവും നവീന മാലിന്യ സംസ്‌കരണ സംവിധാനങ്ങളുമാണ് ജില്ലയെ നേട്ടത്തിനര്‍ഹമാക്കിയത്. ഒ.ഡി.എഫ് പ്ലസ് മോഡല്‍ വില്ലേജുകള്‍ ഒരുക്കല്‍, ബ്ലോക്ക് തലത്തില്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കല്‍, ഗ്രാമപഞ്ചായത്ത് തലത്തില്‍ സോക്ക് പിറ്റുകള്‍, ഡ്രെയിനേജ് സംവിധാനങ്ങള്‍, മലിനജല ശുദ്ധീകരണ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഗ്രേ വാട്ടര്‍ മാനേജ്‌മെന്റ് സംവിധാനങ്ങള്‍ സ്ഥാപിച്ച് പരിപാലിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടന്നു.
ഗ്രാമപഞ്ചായത്തുകളിലുടനീളം ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സിറ്റിസണ്‍ ഫീഡ്ബാക്ക് സ്‌കോര്‍ സ്വന്തമാക്കാന്‍ ജില്ലക്ക് സാധിച്ചു. ക്യു.ആര്‍ കോഡ് അധിഷ്ഠിത മോണിറ്ററിങ്ങിന് പുറമെ സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം ഉപയോഗിച്ച് സേവനങ്ങളുടെ കാര്യക്ഷമതയും ഡാറ്റയുടെ കൃത്യതയും മെച്ചപ്പെടുത്തി.
ജില്ലാതലത്തില്‍ നടപ്പാക്കിയ 'സ്വച്ഛത ഹി സേവ' ക്യാമ്പയിന്‍, സ്‌കൂളുകള്‍, എന്‍.എസ്.എസ് യൂണിറ്റുകള്‍, പഞ്ചായത്തുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ ശുചിത്വ ബോധവത്കരണം, പരിശീലന പ്രവര്‍ത്തനങ്ങള്‍ എന്നിവയും നിര്‍ണായകമായി. കൃത്യവും സമയബന്ധിതവുമായ ഐ.എം.ഐ.എസ് റിപ്പോര്‍ട്ടിങ് ജില്ലയുടെ പുരോഗതി ദേശീയതല വിലയിരുത്തലില്‍ പ്രതിഫലിച്ചു.
ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്തുകള്‍, ശുചിത്വ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടമെന്നും കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഈ അംഗീകാരം ശക്തി പകരുമെന്നും ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ ടി രാകേഷ് എന്നിവര്‍ അറിയിച്ചു.
Post a Comment