തിരുവനന്തപുരം: കേരളത്തിൽ കൊടും ചൂട് തുടരും. പുതിയ സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഈ മാസം 19 വരെ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. എന്നാലിത് അനുഭവത്തിൽ 43 ഡിഗ്രി സെൽഷ്യസായിരിക്കും.
കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കാമെന്നാണ് നിലവിലുള്ള മുന്നറിയിപ്പ്. ഇതിനിടെ, കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ഈമാസം 19-വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്കും സാധ്യതയുണ്ട്. കനത്ത ചൂടിൽ നിർജലീകരണം മാത്രമല്ല. ഉറക്കമില്ലായ്‌മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നനങ്ങൾക്കും സാധ്യത ഏറെയാണെന്ന് പറയുന്നു. ധാരാളം വെള്ളം കുടിക്കുക, പകൽ സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക എന്നിങ്ങനെ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് അധികൃതർ നിർദേശിച്ചു. ചൂട് കണക്കിലെടുത്ത് നേരത്തെ തന്നെ തൊഴിൽ സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
Post a Comment