പശ്ചിമേഷ്യയിലെ യുദ്ധം കാരണം; ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു;ഒരു ഡോളറിനു 100 കടന്നേക്കുമെന്ന് സാമ്പത്തിക വിദഗ്‌ധര്‍*



ദില്ലി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ വൻ ഇടിവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.


ഒരു ഡോളറിന് നൂറ് രൂപയെന്ന ചരിത്രത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് മൂല്യം എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വർദ്ധിക്കുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആവശ്യമായ എണ്ണയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നതിനാല്‍ ക്രൂഡ് ഓയില്‍ വില വർധന ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.

ആഗോള വിപണിയിലെ അനിശ്ചിതത്വം മൂലം വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയില്‍ നിന്ന് പണം പിൻവലിക്കുന്നതും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് വേഗം കൂട്ടുന്നു. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് വിദേശനാണ്യ ശേഖരം ഉപയോഗിച്ച്‌ വിപണിയില്‍ ഇടപെടുന്നുണ്ട്. എന്നാല്‍ ക്രൂഡ് ഓയില്‍ ഉയർന്നു നില്‍ക്കുന്നത് പ്രതിസന്ധി സങ്കീർണ്ണമാക്കുന്നു. രൂപയുടെ മൂല്യം 100-ലേക്ക് എത്തുന്നതോടെ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ (ഇലക്‌ട്രോണിക്സ്, പാചകവാതകം, സ്വർണം) വില ഉയരുകയും രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കുകയും ചെയ്യും. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍ രൂപയുടെ മൂല്യം വരും ആഴ്ചകളില്‍ തന്നെ 98-100 പരിധിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇന്നത്തെ തത്സമയ നിരക്കനുസരിച്ച്‌ 93-94 രൂപ നിലവാരത്തിലാണ് വിനിമയം നടക്കുന്നത്. എന്നാല്‍ വിപണിയിലെ ചാഞ്ചാട്ടം നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്.



Post a Comment

Previous Post Next Post
Paris
Paris