കോഴിക്കോട് : കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണത്തിൽ ജന പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിലും , കേരള സീനിയർ സിറ്റിസൻസ് ഫോറവും ചേർന്ന് കോഴിക്കോട് ടൌൺ ഹാളിൽ സംഘടിപ്പിച്ച ശില്പശാല ആവശ്യപ്പെട്ടു. പ്രാദേശിക വികസനത്തിൽ ഫലപ്രദമായ പങ്ക് വഹിക്കാൻ കഴിയുന്ന റെസിഡന്റ്‌സ് അസോസിയേഷനുകൾക്കും സീനിയർ സിറ്റിസൻസ് ഫോറത്തിനും വാർഡ് കമ്മിറ്റി, വാർഡ് സഭ, ഗ്രാമ സഭ, ശുചീത്വ സമിതി, വികസന ക്ഷേമ സമിതി തുടങ്ങിയ കമ്മിറ്റികളിൽ അർഹമായ പ്രാതിനിധ്യം നൽകണമെന്നും ശില്പ ശാല അഭിപ്രായപ്പെട്ടു. വാർഡ് തലത്തിലും, ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിലും റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കോ - ഓർഡിനേഷൻ കമ്മിറ്റികൾ രൂപീകരിച്ച് ഔദ്യോഗിക അംഗീകാരം നൽകണമെന്നും റെഗുലർ മീറ്റിംഗുകൾ നടത്തണമെന്നും ശില്പശാല നിർദേശിച്ചു.
പ്രാദേശിക ഭരണ സമിതികളുടെ അധീനത്തിലുള്ള ടൗൺഹാൾ ഉൾപ്പെടെയുള്ള ഹാളുകൾ റെസിഡന്റ്‌സ് അസോസിയേഷനുകൾക്ക് സൗജന്യ നിരക്കിൽ യോഗം ചേരാൻ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ പ്രസിഡണ്ടും കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ എം കെ ബീരാൻ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് സീനിയർ സിറ്റിസൻസ് ഫോറം സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനുമായ സി രാധാകൃഷ്ണൻ ശില്പശാലയിൽ വിഷയം അവതരിപ്പിച്ച് ക്ലാസ്സ് നയിച്ചു. വി സദാനന്ദൻ, കെ എം ശ്രീധരൻ, എം പി രാമകൃഷ്ണൻ, ഡി സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment