ലൈഫ് ഭവന സമുഛയം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം അപലപനീയം


ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടോല്‍കുന്നിലും മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പൊന്‍പാറക്കുന്നിലും നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമാക്കിയ ലൈഫ് ഭവന സമുഛയങ്ങള്‍ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ചില തല്‍പ്പരകക്ഷികളുടെ ശ്രമം അപലപനീയമാണെന്ന് പി.ടി.എ റഹീം എം.എല്‍.എയുടെ ഓഫീസ് അറിയിച്ചു. ചാത്തമംഗലത്ത് 42 കുടുംബങ്ങള്‍ക്കും പൊന്‍പാറക്കുന്നില്‍ 44 കുടുംബങ്ങള്‍ക്കുമുള്ള ഫ്ളാറ്റുകളാണ് പദ്ധതിയില്‍ വിഭാവനം ചെയ്തത്. കോട്ടോല്‍കുന്നിലെ ഭവന സമുഛയത്തിന്‍റെ 80% പ്രവൃത്തിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 


കരാറുകാരന പ്രവൃത്തി മന്ദഗതിയിലാക്കിയതാണ് പദ്ധതി പൂര്‍ത്തിയാകുന്നതില്‍ കാലതാമസം വരുന്നതിനിടയാക്കിയത്. ആയത് വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. 
മാവൂര്‍ പൊന്‍പാറക്കുന്നില്‍ 44 കുടുംബങ്ങള്‍ക്ക് വേണ്ടി നിര്‍മ്മാണ കരാര്‍ നല്‍കിയ പദ്ധതി പ്രദേശം ചെങ്കുത്തായതിനാല്‍ പ്രവൃത്തി നടത്താന്‍ പ്രയാസമുണ്ടെന്ന് വ്യക്തമാക്കി കരാറുകാരന്‍ പിന്‍വാങ്ങുകയായിരുന്നു. പിന്നീട് പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥലം കണ്ടെത്തുകയും ആയത് പരിശോധിച്ച് ഭവന സമുഛയ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയുമാണ്. ചാത്തമംഗലത്ത് ഭവന പദ്ധതിക്ക് അനുയോജ്യമായ സ്ഥലം ഗ്രാമപഞ്ചായത്താണ് ലഭ്യമാക്കിയത്. എന്നാല്‍ മാവൂരില്‍ ഗ്രാമപഞ്ചായത്തിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലിന്‍റെ ഭാഗമായാണ് ഭൂമി ലഭ്യമാക്കിയിരുന്നത്.
ഈ രണ്ട് പദ്ധതികളിലുമായി മൊത്തം 86 കുടുംബങ്ങള്‍ക്കുള്ള ഫ്ളാറ്റുകളാണ് നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചിരുന്നത്. ആയതിനുള്ള ഗുണഭോക്താക്കളെ ഇതുവരെയും തെരഞ്ഞെടുത്തിട്ടില്ല. പ്രവൃത്തി പൂര്‍ത്തീകരിച്ച ശേഷം മാത്രമാണ് അപേക്ഷ സ്വീകരിച്ച് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ഭവനരഹിതരായ അര്‍ഹരായ ആളുകള്‍ക്കെല്ലാം വീട് എന്ന സ്വപ്നം പൂവണിയുന്നതിന് സംവിധാനമൊരുക്കിയ ഇടതുപക്ഷ സര്‍ക്കാര്‍, പ്രഖ്യാപിച്ച എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രവരത്തനങ്ങളിലൂടെ തെളിയിച്ചതും ആയത് ജനങ്ങള്‍ക്ക് ബോധ്യമുള്ളതുമാണ്. എന്നാല്‍ ഗുണഭോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചും യഥാര്‍ത്ഥ വസ്തുതകള്‍ ഒളിച്ചുവെച്ചും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനാണ് ചിലര്‍ ശ്രമിച്ചുവരുന്നതെന്നും ഇത്തരക്കാരെ തിരിച്ചറിയണമെന്നും എം.എല്‍.എ ഓഫീസില്‍ നിന്നും നല്‍കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris