മുക്കം നഗരസഭയിൽ 73.5 കോടിയുടെ ബഡ്ജറ്റ്



 2026-27 വര്‍ഷത്തെ മുക്കം നഗരസഭ ബഡ്‌ജറ്റില്‍ 76 കോടി രൂപ വരവും 73.5 കോടി രൂപ ചെലവും 2.5 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു.  നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ.കെ.പി ചാന്ദ്നിയുടെ അധ്യക്ഷതയില്‍ നടന്ന ബഡ്ജറ്റ് സമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ സി.എ പ്രദീപ് കുമാറാണ് ബഡ്ജറ്റ് അവതരണം നടത്തിയത്.





നഗരസഭാ കെട്ടിടത്തിനും  ഭവന നിര്‍മാണത്തിനും ഒരു കോടി രൂപയും വിവിധ റോഡുകള്‍ക്കായി 4.5 കോടി രൂപയും വകയിരുത്തി.നഗരസഭയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളിലെയും എല്‍.പി വിഭാഗം ക്ലാസ് മുറികള്‍ എയര്‍കണ്ടീഷന്‍ ചെയ്യാനുള്ള പദ്ധതിക്ക് തുടക്കമിടും. ആദ്യഘട്ടത്തിൽ ഈ വര്‍ഷം തന്നെ ഒന്നാം ക്ലാസ്സ് ശീതീകരിക്കും. ഇതുമൂലമുണ്ടാകുന്ന വൈദ്യുതി ചെലവ് ലഘൂകരിക്കുന്നതിന് സ്കൂളുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും.ടൂറിസം വികസനത്തിന്‍റെ ഭാഗമായി ഇരുവഞ്ഞിപ്പുഴയിലൂടെ ജലഗതാഗതം ഏര്‍പ്പെടുത്തുന്നതിന്   ബോട്ട് ജെട്ടികള്‍ നിര്‍മിക്കാന്‍  5 ലക്ഷം രൂപ വകയിരുത്തി.വായനശാലകള്‍ക്കും അംഗനവാടികള്‍ക്കും സൗജന്യ ഇന്‍റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തും. എല്ലാ അംഗനവാടികളും സ്മാര്‍ട്ടാക്കുന്ന ബ്ലൂംബിറ്റ പദ്ധതിക്കും തുക വകയിരുത്തിയിട്ടുണ്ട്.നഗരരാവുകളെ പകലാക്കുന്ന സൂര്യനഗര്‍ പദ്ധതിക്കായി 50 ലക്ഷം രൂപ നീക്കിവെച്ചു.നിലവിലുള്ള തെരുവുവിളക്കുകള്‍ സംരക്ഷിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും സൗരവിളക്കുകള്‍ ഉൾപ്പെടുത്താനുമാണ് പദ്ധതി. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി കൂട്ടിരിക്കാന്‍ പാട്ടുപെട്ടി എന്ന പദ്ധതിയിലൂടെ റേഡിയോ സൗജന്യമായി നല്‍കും. വനിതകള്‍ക്കായി ഹോം നേഴ്സിംഗ്, ഹോം ടെക്നീഷ്യന്‍ പരിശീലനങ്ങള്‍, ഷീ ഓട്ടോ, ഷീ ലോഡ്ജ് തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കും.  കാര്‍ഷിക മേഖലയില്‍ 50 ലക്ഷം രൂപയും മൃഗസംരക്ഷണമേഖലയില്‍ 46 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.പൊതുവിദ്യാഭ്യാസ മേഖലയില്‍ നിലവിലുള്ള പദ്ധതികളായ വിജയോത്സവം, ആര്‍ച്ച, നീന്തിവാ മക്കളേ, മെറിട്ടോറിയല്‍ സ്കോളര്‍ഷിപ്പ് തുടങ്ങിയവ തുടരും. ബഡ്ജറ്റിന്‍മേലുള്ള ചര്‍ച്ച ഇന്ന് നടക്കും

Post a Comment

Previous Post Next Post
Paris
Paris