നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 39 ഫ്ളയിങ് സ്‌ക്വാഡുകൾ



നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കുന്നതിനും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ കൊണ്ടുപോകുന്നത് തടയുന്നതിനുമായി ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് വീതം ഫ്ളയിങ് സ്‌ക്വാഡുകളും ഒമ്പത് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളുമാണ് പ്രവര്‍ത്തനസജ്ജമായത്. 13 വീഡിയോ സര്‍വൈലന്‍സ് ടീമും പ്രവര്‍ത്തിക്കും. 


സ്ഥാനാര്‍ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ 50,000 രൂപയില്‍ കൂടുതല്‍ സൂക്ഷിക്കുകയോ മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയ കൈവശം വെക്കുകയോ ചെയ്താല്‍ പിടിച്ചെടുക്കുമെന്നും ജനപ്രാതിനിധ്യ നിയമപ്രകാരം കര്‍ശ നടപടി സ്വീകരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. നോമിനേഷന്‍ നല്‍കുന്നത് മുതലുള്ള ചെലവുകള്‍ സ്ഥാനാര്‍ഥികളുടെ ചെലവായി കണക്കാക്കും. സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

സ്ഥാനാര്‍ഥികള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കണം

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കാനാഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുപ്പ് ചെലവുകളുമായി ബന്ധപ്പെട്ട് സ്വന്തം പേരിലോ തന്റെയും തിരഞ്ഞെടുപ്പ് ഏജന്റിന്റെയും പേരിലോ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കണം. സഹകരണ ബാങ്ക് ഉള്‍പ്പെടെ ഏത് ബാങ്കിലും പോസ്റ്റോഫീസിലും അക്കൗണ്ട് ആരംഭിക്കാം. സ്ഥാനാര്‍ഥി നേരിട്ട് ചെലവഴിക്കുന്ന തുകകളും മറ്റുള്ളവര്‍ നല്‍കുന്ന സംഭാവനകളും ഈ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതും തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കുള്ള തുകകള്‍ ഇതില്‍നിന്ന് പിന്‍വലിക്കേണ്ടതുമാണ്. തിരഞ്ഞെടുപ്പ് കാലയളവില്‍ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ആകെ നല്‍കുന്ന തുക 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ അത്തരം ചെലവുകള്‍ അക്കൗണ്ട് പേയീ ചെക്കായി മാത്രമേ നല്‍കാവൂവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അച്ചടിശാലകള്‍ നിബന്ധനകള്‍ പാലിക്കണം

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്ററുകള്‍, നോട്ടീസുകള്‍ തുടങ്ങിയവ പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ 1951ലെ ജനപ്രാതിനിധ്യ നിയമം 127 എ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.

അച്ചടി ജോലികള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് നിയമത്തിലെ ചട്ടം 127 എ(2) പ്രകാരമുള്ള നിര്‍ദിഷ്ട  മാതൃകയില്‍ പ്രസിദ്ധീകരിക്കുന്ന ആള്‍ ഒപ്പിട്ടതും രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തിയതുമായ സത്യവാങ്മൂലത്തിന്റെ രണ്ട് പകര്‍പ്പുകള്‍ പ്രസ്സ് ഉടമകള്‍ വാങ്ങി സൂക്ഷിക്കണം. അച്ചടിക്കുശേഷം പ്രിന്റ് ചെയ്തതിന്റെ ഒരു പകര്‍പ്പും ഡിക്ലറേഷന്‍ ഫോമും അച്ചടി കഴിഞ്ഞ് മൂന്നു ദിവസത്തിനകം ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. 

പ്രിന്ററുടെയും പ്രസിദ്ധീകരിക്കുന്ന ആളുടെയും പേരും വിലാസവും വെളിപ്പെടുത്താതെ തിരഞ്ഞെടുപ്പ് പോസ്റ്ററോ മറ്റു അച്ചടി സാമഗ്രികളോ പ്രിന്റ് ചെയ്യാനോ പ്രസിദ്ധീകരിക്കാനോ പാടില്ല. ഇത് പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.


Post a Comment

Previous Post Next Post
Paris
Paris