പികെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധം; കണ്ണൂരില്‍ സിപിഐഎമ്മിനെ ഞെട്ടിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടു



കണ്ണൂരില്‍ സിപിഐഎമ്മിനെ ഞെട്ടിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടിവിട്ടു. തളിപ്പറമ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. മൂന്നു തവണ എംഎല്‍എ ആയതിന് ശേഷം നാലാം തവണ ആ കസേരയില്‍ ഭാര്യയെ ഇരുത്തുന്നത് ശരിയല്ല. ഭാര്യയെ സ്ഥാനാര്‍ഥി ആക്കിയതിന്റെ പിന്നില്‍ അഴിമതി നടത്താനാണെന്നും ടി കെ ഗോവിന്ദന്‍ ആരോപിച്ചു. ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും യുഡിഎഫ് പിന്തുണ തന്നാല്‍ സ്വീകരിക്കുമെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു 


അവസാന കാലത്ത് ഈ നീതികേടിന് കൂട്ടുനില്‍ക്കാന്‍ തയ്യാറല്ലെന്നും അതുകൊണ്ട് ആണ് പുറത്ത് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ പാര്‍ട്ടിയെ തിരുത്തട്ടെ. ഇതില്‍ പ്രതിഷേധിച്ച് വേണ്ടി വന്നാല്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്വതന്ത്രമായി മത്സരിക്കും. പാര്‍ലിമെന്ററി വ്യാമോഹം തനിക്കില്ല. ഇന്നുവരെ ഒരു നേതാവിന്റെ അടുത്തും പോയിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയില്‍ ഇതുവരെ ഇല്ലാത്ത ചില പ്രവണതകള്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്നും നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയം വന്നപ്പോള്‍ പാര്‍ട്ടിയുടെ സംഘടന രീതിക്ക് ചേരാത്ത, മൊറാലിറ്റിക്ക് ചേരാത്ത കാര്യങ്ങള്‍ ആണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ രീതി പ്രകാരം സ്ഥാനാര്‍ഥി പട്ടിക ആദ്യം ചര്‍ച്ച ചെയ്യുക ജില്ലാ സെക്രട്ടറിയേറ്റ് ആണ്. വിഷയം ചര്‍ച്ച ചെയ്തു. കണ്ണൂരില്‍ ഒരു വനിതാ സ്ഥാനാര്‍ഥി വേണം, അത് തളിപ്പറമ്പിലായിരിക്കണം, പികെ ശ്യാമളയായിരിക്കണം എന്ന നിര്‍ദേശം ജില്ലാ സെക്രട്ടറി മുന്നോട്ട് വച്ചു. പയ്യന്നൂരില്‍ മധുസൂദനനെ മത്സരിപ്പിക്കണം എന്ന നിര്‍ദേശവും വന്നു. ഈ രണ്ട് നിര്‍ദേശത്തോടും കടുത്ത എതിര്‍പ്പ് സെക്രട്ടറിയേറ്റില്‍ വന്നു. മധുസൂദനന്‍ മോശക്കാരനായതുകൊണ്ടല്ല. അദ്ദേഹത്തെ കുറിച്ച് ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതില്‍ കാതലുണ്ടെന്ന് പാര്‍ട്ടി കണ്ടെത്തിയിട്ടില്ല. എന്നാല്‍ കുഞ്ഞികൃഷ്ണന്റെ കണക്കിന് ആണ് പയ്യന്നൂരില്‍ പാര്‍ട്ടിക്ക് വിശ്വാസം. പാര്‍ട്ടിയുടെ കണക്കില്‍ പയ്യന്നൂരിലെ ജനങ്ങള്‍ക്ക് വിശ്വാസമില്ല. ഈ സാഹചര്യത്തില്‍ മധുസൂദനനെ സ്ഥാനാര്‍ഥി ആക്കരരുതെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ അഭിപ്രായം ഉയര്‍ന്നു – അദ്ദേഹം പറഞ്ഞു.

ഒരാളെ സ്ഥാനാര്‍ഥിയാക്കാന്‍ എത്രമാത്രം ആസൂത്രിതമായാണ് ശ്രമിച്ചിട്ടുള്ളതെന്ന് മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. തളിപ്പറമ്പില്‍ എന്‍ സുകന്യയെ എന്തുകൊണ്ട് മത്സരിപ്പിച്ചു കൂടാ എന്ന ചോദ്യവും വന്നു. എല്ലാ അഭിപ്രായങ്ങളും മേല്‍കമ്മിറ്റിക്ക് കൊടുക്കാമെന്നു എം വി ജയരാജന്‍ പറഞ്ഞു. പക്ഷെ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലേക്ക് പോയത് ഒറ്റ പേര് മാത്രമാണ്. ശ്യാമളയുടെ പേര്. സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നില്‍ ഒര് പേര് മാത്രം വന്നപ്പോള്‍ അത് അംഗീകരിക്കപ്പെട്ടു. അത് സെക്രട്ടറിയേറ്റിലേക്ക് വന്നു. മണ്ഡലം കമ്മിറ്റിയില്‍ എം വി ജയരാജന്‍, പി ജയരാജനെയും തന്നെയും ചുമതലക്കരാക്കി. എന്നെ ആക്കേണ്ട എന്ന് ഞാന്‍ പറഞ്ഞു. ഈ നയത്തോട് എനിക്ക് എതിര്‍പ്പുണ്ടെന്ന് എം വി ഗോവിന്ദനോട് തന്നെ പറഞ്ഞു. മൂന്ന് തവണ എംഎല്‍എ ആയിട്ട് നാലാം തവണ ആ കസേരയില്‍ ഭാര്യയെ ഇരുത്തുന്നത് ശരി അല്ലെന്ന് ഞാന്‍ പറഞ്ഞു. അതിന്റെ അര്‍ഥം നാലാമത്തും താന്‍ ആയിരിക്കണം എന്ന എം വി ഗോവിന്ദന്റെ നിലപാടാണ്. ജില്ലാ കമ്മിറ്റിയിലും പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്ത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. മണ്ഡലം കമ്മിറ്റിയില്‍ മൂന്ന് പേരൊഴികെ ബാക്കി എല്ലാവരും രൂക്ഷ വിമര്‍ശനമുയര്‍ത്തി. എംവി ഗോവിന്ദനെ ഇരുത്തിക്കൊണ്ടായിരുന്നു വിമര്‍ശനം. എല്ലായിടത്തും വിമര്‍ശനം ഉണ്ടായപ്പോഴും സ്ഥാനാര്‍ഥി മാറുമെന്ന് കരുതി. ഈ സാഹചര്യത്തില്‍ ആണ് ഈ പാര്‍ട്ടിയില്‍ ഇനി പ്രവര്‍ത്തിക്കാന്‍ ഇല്ലെന്ന നിലപാട് എടുത്തത് – അദ്ദേഹം പറഞ്ഞു.

എംവി ഗോവിന്ദനെതിരെ കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. വണങ്ങി നില്‍ക്കണോ പുറത്തു പോകണോ എന്ന് കുറെ ആലോചിച്ചു. അനീതിയെ ചെറുക്കുന്നിലെങ്കില്‍ തളിപ്പറമ്പില്‍ പാര്‍ട്ടി ഇല്ലാതാകും. മണ്ഡലത്തിന്റെ ചാര്‍ജ് വഹിക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിട്ടുപോലും തളിപ്പറമ്പില്‍ നടന്ന ഹാപ്പിനെസ്സ് ഫെസ്റ്റിന്റെ കാര്യം പോലും എന്നോട് പറഞ്ഞിട്ടില്ല. എംവി ഗോവിന്ദന്‍ തനിക്ക് ഇഷ്ടമുള്ള ആളുകളെ വിളിച്ചു കോടി കണക്കിന് രൂപ ചെലവ് വരുന്ന പരിപാടി നടത്തുന്നു. ഇതൊന്നും എവിടെയും ചര്‍ച്ച ചെയ്യുന്നില്ല – അദ്ദേഹം പറഞ്ഞു.

ആന്തൂരിലെ സാജന്റെ മരണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ശ്യാമള ടീച്ചര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പോലും പറ്റാത്ത സാഹചര്യം ആയിരുന്നു. അന്വേഷിച്ച് ഉചിതമായി നടപടി എടുക്കുമെന്ന് പൊതുയോഗത്തില്‍ പറഞ്ഞതിന്റെ പേരില്‍ താന്‍ നോട്ടപ്പുള്ളി ആയി. താന്‍ നഗരസഭ ചെയര്‍പേഴ്‌സന്റെ കസേരയില്‍ ഇരിക്കുന്നുണ്ടെങ്കില്‍ സാജന് അനുമതി കൊടുക്കില്ലെന്ന് പറഞ്ഞത് കൊണ്ടാണ് സാജന്‍ ആത്മഹത്യ ചെയ്തത്. ഈ പാര്‍ട്ടിയില്‍ ഒരു കാലത്തും ഉണ്ടാവാന്‍ പാടില്ലാത്ത പ്രവണത തളിപ്പറമ്പില്‍ ഉണ്ടായിരിക്കുന്നു – ഗോവിന്ദന്‍ പറഞ്ഞു.

60 വര്‍ഷത്തോളമായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിട്ടെന്നും കെഎസ്എഫില്‍ നിന്നായിരുന്നു തുടക്കമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌വൈഎഫിന്റെ തളിപ്പറമ്പ് സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് രാഷ്്ട്രീയ പ്രവര്‍ത്തനം നടത്തിയ ആളാണ്. 20 വര്‍ഷക്കാലം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി ആയിരുന്നു. മയ്യില്‍ ഏരിയ കമ്മിറ്റിയിലും സെക്രട്ടറി ആയി. സംഘടന രംഗത്ത് ഇത്രയും കാലം ഏരിയ കമ്മിറ്റി സെക്രട്ടറി ആയി പ്രവര്‍ത്തിച്ച ആള്‍ വേറെ ഉണ്ടാവില്ല – അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris