ക്ഷേമ പെൻഷൻ 3000 ആക്കും, സ്ത്രീകൾക്ക് സൗജന്യയാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ്



തിരുവനന്തപുരം:വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനുമായി അഞ്ച്  വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽവെച്ചാണ് രാഹുൽ ഗാന്ധി പ്രഖ്യാപനം നടത്തിയത്. ഇവയാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗ്യാരണ്ടികൾ:


സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ₹1,000: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചിലവ് കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കോളേജ് വിദ്യാർത്ഥിനികൾക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം നൽകും.
ക്ഷേമ പെൻഷൻ ₹3,000 ആയി ഉയർത്തും: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കും.
കുടുംബങ്ങൾക്ക് ₹25 ലക്ഷത്തിന്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് : 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി'യിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ലഭിക്കുന്. സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
യുവ സംരംഭകർക്ക് ₹5 ലക്ഷം പലിശരഹിത വായ്പ: സംരംഭങ്ങൾ തുടങ്ങുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും.
മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ്: കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കും.

കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക, സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുക, എല്ലാ പൗരന്മാർക്കും സമഗ്രമായ സാമൂഹിക സുരക്ഷ ഒരുക്കുക എന്നിവയാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് യുഡിഎഫ് പറയുന്നു. ജനക്ഷേമം, പുതിയ തൊഴിൽ അവസരങ്ങൾ, അന്തസ്സുള്ള ജീവിതം എന്നിവയിൽ അധിഷ്ഠിതമായ ഗ്യാരൻ്റികളാണ് കോൺഗ്രസ് നേതൃത്വം ഈ വാഗ്ദാനങ്ങളിലൂടെ മുന്നോട്ട് വെക്കുന്നത്. വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി.


Post a Comment

Previous Post Next Post
Paris
Paris