മാവൂർ: കടലുണ്ടി ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ (തൃക്കൈക്കാട്ട് മഠം ട്രസ്റ്റ്) നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം 2026 മാർച്ച് 28, 29, 30 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തിൽ കലവറ നിറക്കൽ, സാംസ്‌കാരിക സദസ്സ്, വിവിധ തന്ത്രിക ചടങ്ങുകൾ, കലാപരിപാടികൾ എന്നിവ അരങ്ങേറും. മാർച്ച് 28 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭക്തജനങ്ങളിൽ നിന്നുള്ള വിഭവസമർപ്പണത്തോടെ 'കലവറ നിറക്കൽ' ചടങ്ങോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നത്.
രണ്ടാം ദിവസമായ മാർച്ച് 29 ഞായറാഴ്ച പുലർച്ചെ നട തുറക്കൽ, പ്രാസാദ ശുദ്ധിക്രിയകൾ, വാസ്തുബലി തുടങ്ങിയ പ്രധാന തന്ത്രിക ചടങ്ങുകൾ നടക്കും.
രാവിലെ 10.30-ന് ആധ്യാത്മിക-സാംസ്‌കാരിക പ്രഭാഷകൻ ശ്രീ കെ.സി വിനയരാജ് പ്രഭാഷണം നടത്തും. വൈകുന്നേരം 6.30-ന് തായമ്പകയും തുടര്‍ന്ന് ഏഴ് മണിക്ക് സാംസ്‌കാരിക സദസ്സും നടക്കും. സാംസ്‌കാരിക സദസ്സ് ശ്രീമത് നാരായണ ബ്രഹ്മാനന്ദ തീർത്ഥ സ്വാമികൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് നൃത്തനാട്യങ്ങളും വേദിയിൽ അരങ്ങേറും.
ഉത്സവത്തിന്റെ അവസാന ദിവസമായ മാർച്ച് 30 തിങ്കളാഴ്ച പുലർച്ചെ 5.30-ന് നട തുറന്ന ശേഷം പുനഃപ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഭക്തിഗാന സുധയും വൈകുന്നേരം ആറ് മണിക്ക് ചുറ്റുവിളക്കും ദീപാരാധനയും നടക്കും. രാത്രി ഏഴ് മണിക്ക് കോൽക്കളി, മാജിക് ഷോ എന്നിവയും 8.30-ന് കൈകൊട്ടിക്കളിയും നടക്കും. ഉത്സവത്തിന്റെ ഭാഗമായി വിവിധ വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ വത്സൻ മഠത്തിൽ, ഗോവിന്ദൻ നമ്പൂതിരി, മുരളീധരൻ സി.എം, മുരളീധരൻ കാഞ്ഞിരി, വിജയൻ തോൾക്കുഴി തുടങ്ങിയവർ പങ്കെടുത്തു.
Post a Comment