ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില ഇനി മുതല്‍ 15 ദിവസത്തിലൊരിക്കല്‍ പുനപരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ലിറ്ററിന് പത്തു രൂപ അധിക എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെയാണ് ഈ നിര്‍ണ്ണായക പ്രഖ്യാപനം.
പുതിയ നിരക്കു പ്രകാരം പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 11.9 രൂപയും ഡീസലിന് 7.8 രൂപയുമായി കുറയും. എന്നാല്‍ ഈ ഇളവ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഗുണകരമാകില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ വിവേക് ചതുര്‍വേദി വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം മൂലം എണ്ണക്കമ്പനികള്‍ നേരിടുന്ന സാമ്പത്തികഭാരം കുറയ്ക്കുന്നതിനായാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വിതരണത്തെ ബാധിച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളാണ് അസംസ്‌കൃത എണ്ണവില കുത്തനെ ഉയരാന്‍ കാരണമായത്. യുദ്ധത്തിന് മുന്‍പ് ബാരലിന് 68 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില മാര്‍ച്ച് ആദ്യവാരം 100 ഡോളര്‍ കടന്നിരുന്നു. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 40 മുതല്‍ 50 ശതമാനം വരെ ഹോര്‍മുസ് കടലിടുക്കിലൂടെ നടക്കുന്ന സാഹചര്യത്തില്‍ വിതരണ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ രാജ്യത്ത് ഏകദേശം 60 ദിവസത്തേക്ക് മതിയാകുന്ന എണ്ണ സംഭരണവും 30 ദിവസത്തെ എല്‍പിജി ആവശ്യത്തിന് മതിയായ ശേഖരവും നിലവിലുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ക്ഷാമഭീതിയിലാകേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Post a Comment