വെള്ളലശ്ശേരി : 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർകോട് കുണിയയിൽ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി എസ്‌കെഎസ്എസ്എഫ് വെള്ളലശ്ശേരി യൂണിറ്റ് പ്രചാരണ പരിപാടിയും ബറാഅത്ത് പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു. വെള്ളലശ്ശേരി കെ. ഇബ്രാഹിം മുസ്ലിയാർ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി മഹല്ല് ഖത്തീബ് അബൂബക്കർ യമാനി വെളിമണ്ണ ഉദ്ഘാടനം ചെയ്തു.
സമസ്തയുടെ മണ്മറഞ്ഞുപോയ കെ.ടി. മാനു മുസ്ലിയാർ അടക്കമുള്ള ഉന്നതരായ നേതാക്കൾ കാണിച്ചുതന്ന സന്മാർഗിക പാതയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടേതെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രഗത്ഭ വാഗ്മി ഷാഹുൽ ഹമീദ് ഫൈസി ചെറൂപ്പ ഓർമ്മിപ്പിച്ചു. കുണിയയിലെ ചരിത്രഭൂമിയിൽ ജനലക്ഷങ്ങൾ അണിനിരക്കുന്ന നൂറാം വാർഷിക മഹാസമ്മേളനത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മഹല്ല് വൈസ് പ്രസിഡന്റ് ഉമ്മർ വെള്ളലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സൈഫുദ്ദീൻ യമാനി സ്വാഗതം ആശംസിച്ചു. മഹല്ല് പ്രസിഡന്റ് പി.പി. മൊയ്തീൻ ഹാജി, സെക്രട്ടറി എം.പി. അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. അമീൻ ശാഫിദ് നന്ദി രേഖപ്പെടുത്തി.

Post a Comment