കുണിയ: വിശ്വാസധാരയുടെ നൂറ്റാണ്ടിന്റെ പ്രഭയും പ്രഭാവവും വിളിച്ചോതി സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് കാസർകോട് കുണിയയിൽ പ്രൗഢോജ്വല സമാപ്തി. അഞ്ചു ദിനരാത്രങ്ങളിലായി നടന്ന സമ്മേളനത്തിന്റെ സമാപനദിനത്തിൽ, സമസ്തയുടെ വിളികേട്ടെത്തിയ വിശ്വാസികളുടെ ജനസാഗരമാണ് കുണിയയുടെ മണ്ണിൽ അലയടിച്ചൊഴുകിയത്. വരും നൂറ്റാണ്ടിലെ നവനിർമിതികൾക്കായി കൈകൾ കോർത്തുള്ള പുരുഷാരത്തിന്റെ സാന്നിധ്യം കേരളം കണ്ട മഹാത്ഭുതമായി മാറി.
സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മൂന്ന് സംസ്ഥാനങ്ങളിലൂടെ 10 ദിവസം നടത്തിയ ശതാബ്ദി സന്ദേശയാത്രയുടെ വിജയവിളംബരം കൂടിയായി കുണിയയിലെ ഈ ജനസഞ്ചയം. നൂറ്റാണ്ടായി സമസ്ത ഉയർത്തിപ്പിടിക്കുന്ന നയങ്ങളും നിലപാടുകളും ആർക്കുമുന്നിലും അടിയറവെക്കില്ലെന്ന് പ്രഖ്യാപിച്ചാണ് സമ്മേളനം സമാപിച്ചത്. ഇതിന്റെ ഭാഗമായി ദേശീയ-അന്തർദേശീയ വിദ്യാഭ്യാസ പദ്ധതി, ഇന്റർനാഷണൽ റിഹബിലിറ്റേഷൻ സെന്റർ എന്നിവ പ്രഖ്യാപിക്കുകയും 10,313 പണ്ഡിതന്മാരെ (ഇമാമുമാരെ) സമൂഹത്തിന് സമർപ്പിക്കുകയും ചെയ്തു.
പ്രമുഖരുടെ സാന്നിധ്യം
ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി റെക്ടർ പ്രൊഫ. ഡോ. സലാമ ജുമുഅ അലി ദാവൂദ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർഥന നിർവഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാരുടെ ശതാബ്ദി സന്ദേശം മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ വായിച്ചു. ട്രഷറർ കൊയ്യോട് പി.പി. ഉമ്മർ മുസ്‍ലിയാർ പ്രമേയ പ്രഭാഷണം നടത്തി. സമസ്ത സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്‍ലിയാർ സ്വാഗതവും ഉമർ ഫൈസി മുക്കം നന്ദിയും പറഞ്ഞു.
പുരസ്കാര സമർപ്പണം
സമസ്തയുടെ പ്രഥമ സെന്റിനറി അവാർഡ് ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ചടങ്ങിൽ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, മണിശങ്കർ അയ്യർ, എം.എം. ഹസ്സൻ, ഡോ. പി. മുഹമ്മദലി ഗൾഫാർ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എൻ.എ. ഹാരിസ് എം.എൽ.എ തുടങ്ങിയ പ്രമുഖർ അതിഥികളായി പങ്കെടുത്തു.
കഴിഞ്ഞ നാലിന് നൂറു പതാകകൾ ഉയർത്തിക്കൊണ്ടാണ് കുണിയയിൽ സമ്മേളനത്തിന് തുടക്കമായത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഗ്ലോബൽ എക്സ്പോയും 33,313 പേർ പങ്കെടുത്ത മഹാക്യാമ്പും ശ്രദ്ധേയമായി. മതസൗഹാർദം, വിദ്യാഭ്യാസ പുരോഗതി, സാമൂഹിക നീതി എന്നിവയിൽ സമസ്ത വഹിച്ച പങ്കിനെ സ്മരിച്ചുകൊണ്ടും കാലികപ്രസക്തമായ ചർച്ചകൾക്ക് വേദിയൊരുക്കിയുമാണ് അഞ്ചുദിവസത്തെ സമ്മേളനം പുതുയുഗത്തിലേക്ക് പാദമൂന്നിയത്.

Post a Comment