മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്: അപേക്ഷ ക്ഷണിച്ചു



തിരുവനന്തപുരം :കേരളത്തിലെ യുവതീ-യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നൽകുന്ന ‘ മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് ’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. eemployment.kerala.gov.in മുഖേന ഓൺലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. കേരളത്തിൽ സ്ഥിരതാമസക്കാരായ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാൻ പാടില്ല.


കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ/ കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ/ രാജ്യത്തെ അംഗീകൃത സർവകലാശാലകൾ/ ‘ഡീംഡ്’ സർവകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യുപിഎസ്‍സി, സംസ്ഥാന പിഎസ്‍സി, സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റയിൽവെ, മറ്റ് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജൻസികളോ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് മത്സര പരിക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ.

അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. നൈപുണ്യപരിശീലനം, മത്സര പരീക്ഷാ പരിശീലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിക്ക് ഒരു തവണ പരമാവധി ആകെ 12 (പന്ത്രണ്ട്) മാസത്തേക്ക് മാത്രമേ ഈ സ്‌കോളർഷിപ്പ് ലഭിക്കുന്നതിന് അർഹതയുള്ളൂ. വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷനുകൾ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമ നിധി ബോർഡുകളിൽ നിന്നുള്ള കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങൾ തുടങ്ങി വിതരണം ചെയ്യുന്ന മറ്റൊരു സ്‌കോളർഷിപ്പ് ലഭിക്കുന്നവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. കൂടാതെ നൈപുണ്യ വികസന പരിശീലന കോഴ്സ്/ മത്സര പരീക്ഷാ പരിശിലനങ്ങൾക്കല്ലാതെ മറ്റ് കോഴ്സുകളായ JEE, NEET, SET, NET തുടങ്ങിയ പ്രവേശന/ എലിജിബിലിറ്റി ടെസ്റ്റുകൾക്ക് പരിശീലിക്കുന്നവർക്കും കേന്ദ്ര- സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ, കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ജനന സർട്ടിഫിക്കറ്റ്/ എസ്എസ്എൽസി സർട്ടിഫിക്കറ്റ് - പകർപ്പ് ഹാജരാക്കണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനായി വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഹാജരക്കാണം. അഡ്രസ്സ് പ്രൂഫിനായി ഇലക്ഷൻ ഐഡി/ സ്‌കൂൾ സർട്ടിഫിക്കറ്റ്/ പാസ്‌പോർട്ട്‌/ ഡ്രൈവിംഗ് ലൈസൺസ്- പകർപ്പ് ഹാജരാക്കണം. വരുമാനം തെളിയിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണം. ബാങ്ക് ആക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവയ്ക്കായി ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് ഹാജരാക്കണം. നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ പരിശീലനസ്ഥാപന മേധാവി നൽകുന്ന സർട്ടിഫിക്കറ്റ്/ സത്യവാങ്മൂലം, മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നവർ മത്സര പരീക്ഷയ്ക്ക് അപേക്ഷിച്ച വിവരങ്ങൾ എന്നിവ സമർപ്പിക്കണം. അപേക്ഷയോടൊപ്പം അപേക്ഷകർ പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും നൽകണം.

Post a Comment

Previous Post Next Post
Paris
Paris