മാവൂർ: മാവൂരിൽ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതിനായി സർക്കാർ തസ്തികകൾ സൃഷ്ടിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ, പദ്ധതിയെക്കുറിച്ച് ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സി.പി.ഐ.എം നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2016-ൽ മാവൂർ എന്നത് തെറ്റായി 'ഏലൂർ' എന്ന് രേഖപ്പെടുത്തിയെന്നും അത് തിരുത്താൻ മൂന്ന് വർഷമെടുത്തുവെന്നുമുള്ള വാദങ്ങൾ തികച്ചും തെറ്റാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
എറണാകുളം ജില്ലയിലെ പ്രധാന വ്യവസായ കേന്ദ്രമായ ഏലൂരിൽ സർക്കാർ തീരുമാനപ്രകാരം ഫയർ സ്റ്റേഷൻ അനുവദിക്കുകയും അത് നിലവിൽ അവിടെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരികയുമാണ്. മാവൂരിലെ ഫയർ സ്റ്റേഷനുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് അവർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 2019 മെയ് 3-ന് ചേർന്ന യോഗത്തിലാണ് മാവൂരിൽ ഫയർ സ്റ്റേഷൻ ആരംഭിക്കാൻ തത്വത്തിൽ അനുമതി നൽകിയത്. ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ തയ്യാറാക്കിയ 31 പുതിയ സ്റ്റേഷനുകളുടെ മുൻഗണനാ പട്ടികയിൽ 13-ാം നമ്പറായി മാവൂരിനെ ഉൾപ്പെടുത്തിയിരുന്നു. സ്റ്റേഷൻ ആരംഭിക്കുന്നതിന് താൽക്കാലിക സൗകര്യം ഏർപ്പെടുത്താൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം തയ്യാറാകണമെന്ന സർക്കാർ നിർദ്ദേശം പാലിക്കാൻ അന്ന് ഗ്രാമപഞ്ചായത്തിന് സാധിച്ചില്ല. ഇതുമൂലമാണ് 2021 ഫെബ്രുവരിയിൽ അഞ്ച് കേന്ദ്രങ്ങളിൽ തസ്തികകൾ സൃഷ്ടിച്ചപ്പോൾ മാവൂരിനെ ഉൾപ്പെടുത്താൻ കഴിയാതെ പോയത്.
തുടർന്ന് എം.എൽ.എ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ച് താൽക്കാലിക കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കുകയായിരുന്നു. മുൻപ് പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പരിഹരിച്ച്, നിലവിലെ ഭരണസമിതി അധികാരമേറ്റ ശേഷമാണ് കെട്ടിടത്തിന് നമ്പറും വൈദ്യുതി, വെള്ളം എന്നിവയും ലഭ്യമാക്കിയത്. 2026 ജനുവരി 16-ന് ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ചതോടെ നടപടികൾ വേഗത്തിലായി. തുടർന്ന് കൃത്യം ഒരു മാസത്തിന് ശേഷം ഫെബ്രുവരി 19-ന് 18 പുതിയ തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
നിലവിൽ ഗ്വാളിയോർ റയൺസ് വിട്ടുനൽകിയ സ്ഥലത്താണ് താൽക്കാലിക സംവിധാനം ഒരുക്കിയിരിക്കുന്നത്. കരാർ പ്രകാരം ഈ സ്ഥലം തിരിച്ചുനൽകേണ്ടി വരുമെന്നതിനാൽ ഫയർ സ്റ്റേഷനായി സ്വന്തം സ്ഥലം കണ്ടെത്താനുള്ള നടപടികൾക്ക് ബന്ധപ്പെട്ട വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സി.പി.ഐ.എം നേതാക്കളായ സുരേഷ് പുതുക്കുടി, സുനിൽ പുതുക്കുടി, വിച്ചാ തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
Post a Comment