കൂളിമാട് : ശഅബാൻ പിറക്കുന്നതോടെ പാറോത്ത് ഇല ഉപയോഗിച്ചു ജനവാതിലുകളും
കട്ടിലുകളും വീട്ടുസാധനങ്ങളും ഉരച്ച് വൃത്തിയാക്കും. വാഴപ്പിണ്ടിയും ചുട്ട ചകിരിയും ചേർത്ത് നിലവും ഭംഗിയാക്കും.ചീടി സംഘടിപ്പിച്ച് നീലം കലർത്തി ചുമരുകളും ചുറുക്ക് കൂട്ടും. നടവഴികളിലെ പുല്ല് ചെത്തുകയും ചെയ്യും. വിരിപ്പും പായയും സുപ്രയും പുഴയിലെത്തിച്ച് കഴുകും. അരി ഇടിച്ച് പാകപ്പെടുത്തി നല്കുന്ന സ്ത്രീകളും അന്ന് ഉണ്ടായിരുന്നു. 15 ബറാഅത്ത് രാവ് കഴിഞ്ഞാൽ വ്രതമാസതയ്യാറൊടുപ്പിലാകും വിശ്വാസികൾ. 29ന്ഇരുവഞ്ഞിപ്പുഴയിലെ നനച്ചു കുളി സവിശേഷമാണ്.
അന്ന് രാത്രി സർവ്വരും മാസ പ്രഖ്യാപന വാർത്ത ശ്രവിക്കാൻ റേഡിയോ ഉള്ള പുതിയോട്ടിൽ പരീതിൻ്റെ വീട്ടിലേക്ക് നീങ്ങും. ചിലപ്പോൾ ഏറെ വൈകിയാവും വിവരം
കിട്ടുക. കോഴിക്കോട് ഖാസിമാരാണ് അന്നത്തെ ആശ്രയം. തുടർന്നു മഹല്ല്
ഖാസിമാരും ഉറപ്പിക്കും. പിറവിയറിയിച്ചു താത്തൂർ , കൊടിയത്തൂർ എന്നിവിടങ്ങളിൽനിന്ന് കതീന വെടിയുയരും. നോമ്പ് തുറക്കുന്ന സമയമറിയിച്ചും വെടിയുയരാറുണ്ടായിരുന്നു. വാച്ച്,ക്ലോക്ക്, ടൈംപീസ്, മൊബൈൽ തുടങ്ങിയവ അന്ന് അന്യമായിരുന്നു. ഭക്ഷണം സൂക്ഷിക്കാനുള്ള സംവിധാനമില്ലാത്തതിനാൽ അത്താഴം തത്സമയ പാചകമാണ് ശരണം. ആകാശത്ത് മൂന്ന് നക്ഷത്രങ്ങൾ വെളിവാകുമ്പോഴാണ് അത്താഴ ഒരുക്കം നടത്തുക. കാവുണ്ടക്കാർ എന്നാണ് പഴമക്കാർ ഇതിനെ വിളിച്ചിരുന്നത്. പുകവലി പൊതു ശീലമായിരുന്നു. നല്ല ഗന്ധമുള്ള കൂട്ടിട്ട ബീഡി, പുശു വിട്ടത്, ചക്കര ബീഡി എന്നിവ ഉണ്ടാക്കി വില്ക്കുന്നവരെ മുന്നൂര് പള്ളിക്കു സമീപം കാണാമായിരുന്നു. തരിക്കഞ്ഞി അപൂർവം വീടുകളിൽ പാചകം ചെയ്യാറുണ്ടായിരുന്നു. മുന്നൂര് പള്ളിക്ക് മുൻവശത്തെ പീടികയിൽ തരിക്കഞ്ഞിയുണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കും അവ കുടിക്കാൻ ലഭിക്കും. പള്ളികളിൽ കഞ്ഞി വിതരണവും ഉണ്ടായിരുന്നു. അരിക്ഷാമം നിമിത്തം ഗോതമ്പ് പത്തിരിയാണധിക
ദിവസവും ആശ്രയം. അത്താഴ ചോറിന് മൈസൂർപഴം നിർബന്ധ ഘടകവുമായിരുന്നു. ഇരുപത്തഞ്ച് പൈസയ്ക്ക് നാലോ അഞ്ചോ കായ ലഭിക്കും. സ്കൂളുകൾക്ക് പൊതുവെ അവധിയാണ്. ഭാഗികമായി മദ്രസകളും അടച്ചിടും. ജനങ്ങൾ ജോലിക്കൊന്നും പോകാറില്ല. ആദ്യത്തെപത്തിൽ പുതിയാപ്ല സത്കാരമുണ്ടകും. ചിലപ്പോൾ അത്താഴ ശേഷമാകും സംഘം തിരിച്ചു പോവുക. മുന്നൂരിൽ ഒരു ജുമുഅത്തു പള്ളിയേ ഉണ്ടായിരുന്നുള്ളൂ. ചിലയിടങ്ങളിൽ ചെറിയ നിസ്ക്കാര പള്ളികളും. മതപ്രഭാഷണവും സ്ഥിരമായിരുന്നു. സ്പീക്കറുണ്ടായിരുന്നില്ല. ദൂരക്കാരായ പ്രഭാഷകർ
ക്ഷീണിക്കുമ്പോൾ ഇടയ്ക്ക് 'സ്വലവാത്തി' ചൊല്ലാനാളുണ്ടാകും. സ്ത്രീകളും കേൾക്കാൻ എത്തുമായിരുന്നു. 17 ലെ ബദ്രീങ്ങളെ ആണ്ടും അനുബന്ധ ലേലവും ആവേശമായിരുന്നു. ആ ദിവസം പറയർ സ്വന്തമായി ഉണ്ടാക്കിയ കൊട്ട സംഭാവന ചെയ്യാറുമുണ്ടായിരുന്നു. രാത്രി ചൂട്ട് കത്തിച്ചും പാനൂസിൻ്റെയും റാന്തലിൻ്റെയും സുറുങ്കുറ്റിയുടെയും വെളിച്ചത്തിലുമാണ് തറാവീഹ് നിസ്കാരത്തിനെത്തുക. പള്ളി നിറഞ്ഞിരിക്കും. മുസ്ഹഫുകൾ കുറവായിരുന്നതിനാൽ ചില കുട്ടികൾ അത് ഒളിപ്പിച്ചു വെക്കാറുണ്ടായിരുന്നു. നോമ്പിൻ്റെ അവസാന നാളിൽ ചിറ്റാരിപിലാക്കൽ എ പി അഹമ്മദ് കുട്ടി മുസ്ല്യാരുടെ വീട്ടിൽ സഹോദര സമുദായംഗങ്ങൾക്കായി സംഘടിപ്പിക്കാറുണ്ടായിരുന്ന നോമ്പുസത്കാരം പഴയ കാലംമുതൽ നിലനിന്നു വരുന്ന സാമുദായിക ഐക്യത്തിൻ്റെ ഉദാത്തമാതൃക കൂടിയാണ്.
(ക്രോഡീകരണം : മജീദ് കൂളിമാട് )
by_ വി.ടി.എ. റഹ്മാൻ മാസ്റ്റർ - പാഴൂർ
Post a Comment