മൂന്ന് മിഷനുകളിലായി ബഹിരാകാശത്ത് അറുന്നൂറിലധികം ദിവസങ്ങൾ ചെലവഴിച്ച സുനിത വില്യംസ് കോഴിക്കോടിൻ്റെ സ്നേഹത്തിൽ അലിഞ്ഞു ചേർന്നു. ഇവിടെ ആയിരിക്കുമ്പോൾ തനിക്ക് വീട്ടിൽ എത്തിയതു പോലെയാണ് തോന്നുന്നതെന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026 വേദിയിൽ എത്തിയ സുനിത വില്യംസ് പറഞ്ഞു. മാധ്യമപ്രവർത്തക പ്രീതി ചൌധരി മോഡറേറ്റർ ആയ 'ഡ്രീംസ് റീച്ച് ഓർബിറ്റ്' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു സുനിത വില്യംസ്.
ഭ്രമണപഥത്തിലേക്ക് തൻ്റെ സ്വപ്നം എത്തിയതിന്റെ കഥ പറയാൻ എത്തിയ സുനിത വില്യംസിനെ എഴുന്നേറ്റു നിന്നാണ് കോഴിക്കോട് ബീച്ചിലെ കെ എൽ എഫ് സദസ് സ്വീകരിച്ചത്. യുനെസ്കോ സാഹിത്യനഗര പദവി സ്വന്തമാക്കിയ കോഴിക്കോട് നഗരത്തിലെ സദസ് നിറഞ്ഞ ആവേശത്തോടെയും വികാരഭരിതമായുമാണ് സുനിത വില്യംസിനെ സ്വാഗതം ചെയ്തത്. മാധ്യമപ്രവർത്തകയായ പ്രീതി ചൌധരിയുമായുള്ള സംഭാഷണത്തിൽ അടുത്ത തലമുറയ്ക്ക് ബാറ്റൺ കൈമാറാൻ താൻ തയ്യാറാണെന്ന് സുനിത വില്യംസ് വ്യക്തമാക്കി.
കെ എൽ എഫ് വേദിയിലേക്ക് എത്തിയ സുനിത വില്യംസിനെ എഴുന്നേറ്റു നിന്നാണ് സദസ് സ്വീകരിച്ചത്. കോഴിക്കോടിൻ്റെ സ്വീകരണം കണ്ട് മനം നിറഞ്ഞ സുനിത വില്യംസ് 'വളരെ അദ്ഭുതം തോന്നുന്നു' എന്ന് പറഞ്ഞാണ് സംസാരിച്ച് തുടങ്ങിയത്. ആദ്യ ബഹിരാകാശ യാത്രയ്ക്കു മുമ്പായി തൻ്റെ പിതാവുമായി നടത്തിയ സംഭാഷണം ഓർത്തെടുത്തു കൊണ്ട് അവർ സംസാരിച്ചു തുടങ്ങി. യാത്രയ്ക്ക് മുമ്പായി, 'ഇന്ത്യയിലെ മുഴുവൻ ആളുകളും നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്' എന്നാണ് പിതാവ് പറഞ്ഞത്. ബഹിരാകാശത്ത് നിന്ന് മടങ്ങി എത്തിയതിനു ശേഷം, ഇന്ത്യയിലെ സ്കൂളുകളിൽ തൻ്റെ ഫോട്ടോ പ്രദർശിപ്പിച്ചത് കണ്ടപ്പോഴാണ് ആ പറഞ്ഞതിൻ്റെ പൂർണമായ അർത്ഥം തനിക്ക് ആദ്യം മനസ്സിലായതെന്നും സുനിത വില്യംസ് പറഞ്ഞു.
Post a Comment