ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ, ചേവായൂർ കോമ്പസിറ്റ് റീജ്യണൽ സെന്റർ (സി.ആർ.സി.), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്.) കാലിക്കറ്റ് യൂനിവേഴ്സിറ്റി വിഭാഗം, ക്യാമ്പസസ് ഓഫ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ബാരിയർ ഫ്രീ മെഗാ ബിൽഡിങ്ങ് ഓഡിറ്റ് ഡിസംബർ അവസാന വാരം നടക്കും. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിൽ സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദ ജില്ല എന്ന ലക്ഷ്യത്തിൽ നടപ്പിലാക്കി വരുന്ന ‘സഹമിത്ര’ പദ്ധതിയുടെ ഭാഗമായാണ് കെട്ടിട ഓഡിറ്റ് സംഘടിപ്പിക്കുന്നത്.
ജില്ലയിലെ എഴുപതിലധികം കോളേജുകളിലെ എൻ.എസ്.എസ്. യൂനിറ്റുകളിൽ നിന്നുള്ള പതിനായിരത്തോളം വളന്റിയർമാരും ഓഡിറ്റ് പ്രവർത്തനങ്ങളിൽ പങ്കാളികളാകും. ചൊവ്വാഴ്ച മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ജില്ലാ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസേഴ്സ് മീറ്റിൽ ഓഡിറ്റിന്റെ പോസ്റ്റർ ഒരുമിച്ച് പ്രകാശനം ചെയ്തു പരിപാടിയുടെ എൻ.എസ്.എസ്. തല പ്രഖ്യാപനം നടത്തി. എൻ.എസ്.എസ്. കൂടാതെ, ക്യാമ്പസസ് ഓഫ് കോഴിക്കോട് യൂനിറ്റുകളുടെ കൂടെ പങ്കാളിത്തത്തോടെ സംയുക്തമായാണ് ഓഡിറ്റ് പ്രവർത്തികൾ പുരോഗമിക്കുക.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഏഴായിരത്തോളം പൊതു കെട്ടിടങ്ങളിലാകും ആദ്യ ഘട്ടത്തിൽ ഭിന്നശേഷി സൗഹൃദ ഓഡിറ്റ് നടത്തുക.
കോഴിക്കോട് സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. വി. വിജയകുമാർ, എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ ഫസീൽ അഹമ്മദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Post a Comment