തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടത്തിയ അധിക്ഷേപ പരാമർശം തിരുത്തി എംഎം മണി



ഇടുക്കി: തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എം.എം. മണി. അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല. ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്. ഇന്നലെ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തെക്കുറിച്ചാണ് എം.എം. മണിയുടെ തിരുത്ത്. വോട്ടര്‍മാരെ അധിക്ഷേപിച്ച് എം.എം. മണി ഇന്നലെ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു‘‘ഞാൻ അങ്ങനെയങ്ങ് പ്രതികരിച്ചുവെന്നേ ഉള്ളൂ. പെൻഷനും ഒരുപാട് വികസനവും ചെയ്തിട്ട് തിരഞ്ഞെടുപ്പിൽ അങ്ങനെയൊരു വിധി വന്നപ്പോൾ പ്രതികരിച്ചു. അത് തെറ്റാണെന്ന് ജനറൽ സെക്രട്ടറി അടക്കം പറഞ്ഞു. ജനറൽ സെക്രട്ടറി പറഞ്ഞതാണ് പാർട്ടി നിലപാട്. പാവപ്പെട്ട ആളുകൾക്ക് സഹായമൊന്നും ചെയ്യാത്ത ആൾക്കാരാണ് യുഡിഎഫ്.


ഇടതുപക്ഷ സർക്കാരുകൾ ചെയ്തിട്ടുള്ള ക്ഷേമ പ്രവർത്തനങ്ങൾ യുഡിഎഫ് സർ‌ക്കാരുകൾ ചെയ്തിട്ടില്ല. രാഷ്ട്രീയ പ്രവർ‌ത്തകർ സ്വർഗരാജ്യം കിട്ടാനാണോ പ്രവർത്തിക്കുന്നത്. പാർട്ടിയുടെ കാഴ്ചപ്പാടിലാണ് ഞാൻ പ്രവർത്തിക്കുന്നത്. ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും കരുണാകരന്റെയും സർക്കാരുകൾ എൽഡിഎഫ് സർക്കാരിന്റെ അത്ര ക്ഷേമ പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല. അവരൊന്നും ചെയ്യാതിരുന്നിട്ട് നമ്മൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ എന്തെങ്കിലും ന്യായം പറഞ്ഞു നിൽക്കേണ്ടേ.

സിപിഐ എന്തുപറഞ്ഞു എന്നത് എനിക്ക് വിഷയമല്ല. എന്റെ പാർട്ടി പറഞ്ഞതാണ് ഞാൻ അംഗീകരിക്കുന്നത്. കേരളം കണ്ടതിൽ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശൻ. സമീപനത്തിൽ തന്നെ പാളിച്ചയുള്ള പ്രതിപക്ഷ നേതാവാണ് സതീശൻ’’ – എം.എം. മണി പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris