പാലക്കാട് ആൾകൂട്ട കൊലയിൽ സ്ത്രീകൾക്കും പങ്ക്; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും


പാലക്കാട്: പാലക്കാട് വാളയാറിൽ ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ ബംഗ്ലാദേശി എന്നാരോപിച്ച് തല്ലിക്കൊന്ന സംഭവത്തിൽ സ്ത്രീകൾക്കും പങ്കുണ്ടെന്ന് പൊലീസ് നിഗമനം. കൊലപാതകത്തിൽ പ്രതികളായ ബി.ജെ.പി പ്രവർത്തകരടങ്ങുന്ന അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് കരുതുന്നത്.


രണ്ടുമണിക്കൂറിലേറെ നീണ്ട ആക്രമണത്തിനാണ് രാംനാരായണൻ ഇരയായത്. ഇതിനിടെ ചില സ്ത്രീകളും മർദിക്കുകയായിരുന്നു. പുതുതായി അന്വേഷണം ഏറ്റെടുത്ത ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം പരിശോധിക്കും. സംഭവ സമയത്ത് ചിത്രീകരിച്ച വിഡിയോ വിശദമായി പരിശോധിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. രാംനാരായണനെ ആക്രമിച്ച പതിനഞ്ചോളം പേരിൽ ചിലർ നാടുവിട്ടെന്നാണ് നിഗമനം. ഇവ​രെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.

നിലവിൽ പിടിയിലായവർ മുമ്പ് നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. നാലുപേർ ബി.ജെ.പി അനുഭാവികളാണ്. ഒന്ന്, മൂന്ന് പ്രതികളായ മുരളി, അനു എന്നിവർ 15 വർഷം മുമ്പ് അട്ടപ്പള്ളത്ത് സി.ഐ.ടി.യു തൊഴിലാളിയായ സ്റ്റീഫനെയും ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിനോദിനെയും വെട്ടിയ കേസിൽ പ്രതികളാണ്. സ്റ്റീഫനെ വെട്ടിയ കേസ് ഇപ്പോഴും ഹൈകോടതിയിൽ നടക്കുകയാണ്.

ഒന്നാം പ്രതി അനുവിനെതിരെ വാളയാർ, കസബ സ്റ്റേഷനുകളിലായി 15 അടിപിടിക്കേസുകളുണ്ട്. രണ്ടാം പ്രതി പ്രസാദിനെതിരെ വാളയാറിൽ രണ്ടു കേസുകളും മൂന്നാം പ്രതി മുരളിക്കെതിരെ രണ്ടു കേസുകളുമുണ്ട്. നാലാം പ്രതി ആനന്ദനെതിരെ ഒരു കേസും അഞ്ചാം പ്രതി വിപിനെതിരെ മൂന്നു കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വാളയാർ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. ആൾക്കൂട്ടക്കൊലപാതകമെന്ന നിലയിലാണ് കേസ് പരിഗണിക്കുന്നതെന്നും പ്രതികളുടെ രാഷ്ട്രീയം വേർതിരിച്ച് പരിശോധിച്ചിട്ടില്ലെന്നും പൊലീസ് അധികൃതർ പറഞ്ഞു.

അതിനിടെ, രാംനാരായണിന്റെ ശരീരത്തിൽ അടിയേറ്റ് കേടുപാടില്ലാത്ത ഒരിടം പോലും കണ്ടില്ലെന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത തൃശൂർ മെഡിക്കൽ കോളജിലെ പൊലീസ് സർജൻ ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. ‘പിന്നാമ്പുറത്തും നെഞ്ചിലും കൈകാലുകളിലും തലച്ചോറിലും -എല്ലായിടത്തും ക്രൂരതയുടെ അടയാളങ്ങൾ. അത് ഒരു നിമിഷത്തെ കോപമല്ല, കൂട്ടമനസ്സിന്റെ അന്ധതയും മനുഷ്യത്തിൻറെ പൂർണ്ണ അഭാവവും ആയിരുന്നു. കൂട്ടമർദ്ദനം നടത്തിയവരിൽ ഒരാളെങ്കിലും “ഇത് വേണ്ട” എന്ന് പറഞ്ഞിരുന്നെങ്കിൽ, ഒരാൾ പോലും കൈ ഉയർത്താതിരുന്നെങ്കിൽ, ഇന്ന് ഒരു മനുഷ്യൻ ജീവനോടെ ഉണ്ടാകുമായിരുന്നു’ എന്നാണ് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞത്.


Post a Comment

Previous Post Next Post
Paris
Paris