തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് കൊഴിഞ്ഞുപോക്ക് ശക്തം; മൂന്ന് വർഷത്തിനിടെ കേരളത്തിൽ ജോലി ഉപേക്ഷിച്ചത് 3.5 ലക്ഷത്തിലേറെ പേർ


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് കേരളത്തിലെ തൊഴിലാളികൾ വൻതോതിൽ കൊഴിഞ്ഞുപോകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3.58 ലക്ഷം പേരാണ് പദ്ധതിയിൽ നിന്ന് ഒഴിഞ്ഞുപോയത്.


കുറഞ്ഞ വേതനം, തൊഴിൽ ദിനങ്ങളുടെ ദൗർലഭ്യം, മാസങ്ങളോളം നീളുന്ന കൂലി കുടിശ്ശിക എന്നിവയാണ് തൊഴിലാളികളെ ഈ മേഖലയിൽ നിന്ന് അകറ്റുന്നത്.

സംസ്ഥാനത്ത് നിലവിൽ 22.61 ലക്ഷം സജീവ തൊഴിലാളികളാണുള്ളത്. ഇതിൽ 89.2 ശതമാനവും സ്ത്രീകളാണ്. പ്രതിദിനം 369 രൂപയാണ് വേതനമെങ്കിലും മറ്റ് മേഖലകളിലെ കൂലിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണെന്ന പരാതി ശക്തമാണ്. ഒരു സാമ്പത്തിക വർഷം 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെങ്കിലും മിക്കവർക്കും ഇത് ലഭിക്കാറില്ല.

ഒക്ടോബർ മാസം മുതൽ വേതനം വിതരണം ചെയ്യാത്തത് തൊഴിലാളി കുടുംബങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

നിലവിൽ വേതനവും സാധനസാമഗ്രികളുടെ ചെലവും ഉൾപ്പെടെ 806 കോടിയോളം രൂപയാണ് കുടിശ്ശികയായിട്ടുള്ളത്. ഇതിൽ 405 കോടി രൂപ അവിദഗ്ദ്ധ തൊഴിലാളികളുടെ വേതനമാണ്. വേതന കുടിശ്ശിക കേന്ദ്ര സർക്കാർ നൽകേണ്ടതാണ്.

സാധനസാമഗ്രികളുടെ ചെലവ് കേന്ദ്രവും സംസ്ഥാനവും 75:25 എന്ന അനുപാതത്തിലാണ് വഹിക്കുന്നത്. വ്യവസ്ഥയനുസരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ കൂലി നൽകണമെന്നുണ്ടെങ്കിലും ഫണ്ട് ലഭ്യതയിലെ കുറവ് വിനയാകുന്നു.

ഈ സാമ്പത്തിക വർഷം കേരളത്തിന് അനുവദിച്ച അഞ്ച് കോടി തൊഴിൽ ദിനങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അധികമായി അഞ്ചരക്കോടി തൊഴിൽ ദിനങ്ങൾ കൂടി നൽകിയെങ്കിലും കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ലേബർ ബഡ്ജറ്റ് ഉയർത്താത്തത് പ്രതിസന്ധി സങ്കീർണ്ണമാക്കുന്നു.

കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും മാസങ്ങളിൽ കൊഴിഞ്ഞുപോക്ക് ഇനിയും വർദ്ധിക്കാനാണ് സാധ്യത.

Post a Comment

Previous Post Next Post
Paris
Paris