കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ ഒന്നാം പ്രതി പൾസർ സുനിയടക്കം ആറു പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജി ഹണി എം വർഗീസാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്‌ത കേസാണിത്. ആറുപ്രതികളും 50,000 രൂപ വീതം പിഴയും അടയ്ക്കണം.
ഒന്നുമുതൽ ആറുവരെ പ്രതികളായ പൾസർ സുനി എന്ന എൻ എസ് സുനില്‍, മാർട്ടിൻ ആന്റണി, ബി മണികണ്‌ഠൻ, വി പി വിജേഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരെ തിങ്കളാഴ്‌ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. എല്ലാവര്‍ക്കും 20 വര്‍ഷമാണ് കഠിനതടവ്.
ക്രിമിനൽ ഗൂഢാലോചന, അന്യായതടങ്കൽ, ബലപ്രയോഗത്തിലൂടെ സ്‌ത്രീയെ വിവസ്‌ത്രയാക്കൽ, സ്‌ത്രീത്വത്തെ അപമാനിക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, പ്രേരണാക്കുറ്റം, പൊതു ഉദ്ദേശ്യത്തോടെ കുറ്റകൃത്യം, ഐടി നിയമപ്രകാരം സ്വകാര്യ- ചിത്രമോ ദൃശ്യമോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യൽ എന്നീ കുറ്റങ്ങൾ ഇവർ ചെയ്തതായി വിധിയിൽ പറഞ്ഞിരുന്നു.
2017 ഫെബ്രുവരി 17ന് രാത്രി അങ്കമാലി അത്താണിക്കുസമീപം കാർ തടഞ്ഞുനിർത്തി നടിയെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തെന്നാണ് കേസ്. ഗൂഢാലോചനക്കുറ്റവും തെളിവുനശിപ്പിക്കലും തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കി എട്ടാംപ്രതി ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. ഏഴാംപ്രതി ചാർലി തോമസ്, ഒമ്പതാംപ്രതി സനില്‍കുമാര്‍ (മേസ്‌തിരി സനില്‍), 15–ാംപ്രതിയും ദിലീപിന്റെ സുഹൃത്തുമായ ജി ശരത് എന്നിവരെയും തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ബൈജു പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വ. വി അജകുമാറാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.
Post a Comment